4

                                                              ആ വലിയ റോഡ്‌ കുറുകെ കടക്കുവാൻ ഒരു പത്തുപതിനഞ്ചു  മിനിറ്റു നേരത്തോളം ഞാൻ നിന്ന് കഠിനാദ്ധ്വാനം ചെയ്തുവെങ്കിലും  എനിക്കതിൽ വിജയിക്കാനായില്ല   . രണ്ടു  ദിശയിൽ നിന്നും നാലു വരികളായി ,  വാഹനങ്ങൾ ഒന്നിനു പുറകെ മറ്റൊന്നായി വേഗത്തിൽ  കടന്നു പോയിക്കൊണ്ടിരിക്കുന്നു .

                                                            വാഹനങ്ങൾ ഒഴിഞ്ഞ് , റോഡ്‌ കുറുകെ കടക്കാം എന്നുള്ള എന്റെ മോഹം ; ഏതാനും നിമിഷം  കൊണ്ട്  ക്ഷമയുടെ നെല്ലിപ്പലക താണ്ടിയിരുന്നു .

                                                             ദുർബ്ബലമായൊരു  നിമിഷത്തിൽ ഞാനാ അതിസാഹസം കാണിച്ചു . ട്രാഫിക്ക് പോലീസുകാരൻ കണക്കെ ഒരു കൈ നിവർത്തി , വാഹനങ്ങളെ തടഞ്ഞുകൊണ്ട് ;ഞാനാ റോഡു കുറുകെ കടക്കുവാനായി  ഒരു പാഴ്ശ്രമം നടത്തി .

                                                              നിലവിളിയോട് കൂടി  ഒരു കാർ എന്നെ മുട്ടി മുട്ടിയില്ല എന്ന മട്ടിൽ ചവുട്ടി നിറുത്തി . ആ ശബ്ദത്തോടുകൂടിത്തന്നെ  എന്റെ ജീവൻ ഒരു  കിളിയായി  പറന്നു പോയിരുന്നു .  അയാളുടെ വായിക്കുള്ളിൽ നിന്നും വന്ന ആ സംഗീതധാര  പരിഭ്രാമാവസ്ഥയിൽ എന്റെ കാതുകളെ സ്പർശിച്ചില്ല. 

                                പിന്നെ ഒരു അനുഭവ പാഠം ഉള്ളതുകൊണ്ടുകൂടി  ഞാൻ ഭയന്ന് നിശ്ചെതനായി  നിന്നു പോയി .

               

                 സത്യത്തിൽ അയാൾ ഹിന്ദിയിൽ എന്നെ വിളിച്ച  തെറികൾ എനിക്കു മനസ്സിലായിരുന്നുവെങ്കിൽ, അന്നു തന്നെ ബോംബെ വാസം അവസാനിപ്പിച്ച് ഞാൻ മടങ്ങിപ്പോന്നേനെ .

                                                     പരിഭ്രമം ഒട്ടൊന്നു ആറിയപ്പോഴാണ്  ഞാൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചത് . ഞാൻ ചെയ്ത പോലെയുള്ളൊരു വിഡ്ഢിത്തം   റോഡ്‌ കുറുകെ കടക്കുവാനായി   ഒരാളും തന്നെ കാണിക്കുന്നില്ല .

                                              സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുന്ന ആളുകൾ  എല്ലാവരും  തന്നെ റോഡിനോട് ഓരം ചേർന്നുള്ള ഒരു ഗുഹയിലേക്ക് ഇറങ്ങിപ്പോകുന്നു ., രണ്ടു നിമിഷത്തിനുശേഷം അവർ റോഡിനു മറുവശത്ത് ഉയർന്നുവരുന്നു . അതൊന്നു പരിക്ഷിച്ചു നൊക്കാമെന്നുകരുതി ഞാനും അങ്ങോട്ടേക്കു നടന്നു എന്റെ ഊഹം ശരിതന്നെയായിരുന്നു .

                                                   വലിയ...., വലിയ..., തിരക്കുള്ള സ്ഥലങ്ങളിൽ റോഡ്‌ കുറുകെ കടക്കുന്നതിനുള്ള തുരങ്ക പാത ആയിരുന്നുവത് .അന്നതു മനസ്സിലായില്ലെങ്കിലും ,ബോംബെ നഗരത്തിലെ ജീവിതപരിചയം ഇതു പോലത്തെ ഒത്തിരിയൊത്തിരി കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്നതിന് പിന്നീടെന്നെ  പ്രാപ്തനാക്കി.

                                  നാലു വശത്തേക്കും പിരിയുന്ന റോഡിൽ ,ട്രാഫിക്‌ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്ന പോലിസുകാരനരികിൽ എങ്ങോട്ടു പോകണം എന്നറിയാതെ ഞാൻ പകച്ചു നിന്നു .   

Popular posts from this blog