മഴ തോരുന്ന ഇടനേരങ്ങളിൽ ഞാനും, അപ്പനും , ചൂണ്ടയിടുന്നതിനായി പോകാറുണ്ടായിരുന്നു .

       മുറികളുടെ മൂലകളിലും , പഴയ പെട്ടികളിലും , മറ്റും ഒളിച്ചിരിക്കുന്ന പാറ്റകളെയും , ചീവിടുകളെയും , പിന്നെ മണ്ണിരയും , എല്ലാം ശേഖരിച്ചിട്ടായിരിക്കും ; ഞങ്ങൾ പോവുക .

               ഇതിൽ ചീവിടാണ് വരാലിനു ഏറ്റവും ഇഷ്ടം . ചീവിടെ കൊളുത്തി ചൂണ്ട എറിഞ്ഞാൽ ; തീർച്ചയായും വരാൽ തടയും  അതാണ് വിശ്വാസം .

              അവനാണല്ലോ കായൽ മീനുകളിലെ രാജാവ് . നല്ല മുഴുത്ത വരാലിനെ കിട്ടികഴിഞ്ഞാൽ  പിന്നെയൊരു   ആഘോഷമാണ് .

                               അതുകൂടാതെ ധാരാളം കായൽ വാളകളും  , കല്ലുത്തിയും , മുശുവുമെല്ലാം  ചൂണ്ടയിൽ കുരുങ്ങും ,

                            മുശു കുടുങ്ങിയാൽ , വളരെ സുക്ഷിച്ചു വേണം അതിനെ കൊളുത്തിൽ നിന്നും അടർത്തി മാറ്റുവാൻ . ഇല്ലെങ്കിൽ  അവൻ കൊമ്പു കൊണ്ട് ഒരു കാച്ചു കാച്ചിയാൽ മതി  കടച്ചിലും , വേദനയും എല്ലാം ചേർന്ന്  ഞെളിപിരി കൊള്ളും .

              മീനുകളിലെ സൂത്രക്കാരൻ , പരലാണ് . അവൻ നേരിട്ട് ചൂണ്ടക്കൊളുത്ത്  ഇരയോടുകൂടി വിഴുങ്ങത്തില്ല , അതിന്റെ വശങ്ങളിലൂടെ ഇരയെ കാർന്നു തിന്നും .ഈ കാർന്നു തിന്നൽ കാരണം  വെള്ളത്തിനു മുകളിൽ  ചൂണ്ട വയറിൽ ഇര കൊളുത്തിയോ , എന്നറിയുന്നതിനായി , നമ്മൾ കെട്ടിയിടുന്ന അടയാളത്തിൽ  മീൻ  കൊത്തിയതായ  ഒരു ധാരണ നമ്മിൽ ഉണ്ടാക്കുകയും , ചൂണ്ട  വലിച്ചെടുക്കുകയും ചെയ്യും . എന്നാൽ സത്യത്തിൽ നമ്മളെ വിഡ്ഢികളാക്കി അവൻ ഇരയും കൊണ്ട് രക്ഷപെട്ടിട്ടുണ്ടായിരിക്കും. . ഈ സുത്രം മനസ്സിലായതിൽ പിന്നെ ചെറിയ അനക്കങ്ങളിൽ ഒന്നും ഞങ്ങൾ ചൂണ്ട വലിക്കില്ല .

           പരൽ മീനിന്റെ സ്വാദ് അസാദ്യമാണ് . അതും ഇരുമ്പൻ പുളിയും ,   തേങ്ങാപ്പാലും, ചേർത്തുള്ള ഒരു കൂട്ടുണ്ട് . അതിന്റ ഓർമ്മ മാത്രം മതി ഒരു പറ ചോറുണ്ണാൻ.

               ഞങ്ങൾ വാഴത്തടി കൊണ്ട് ചങ്ങാടമുണ്ടാക്കി, അതിൽ കായലിന്റെ നടുവിൽ പോയി ചൂണ്ടയിടാറുണ്ട് . നടുഭാഗത്ത് ധാരാളം നല്ല മുഴുത്ത വാളകൾ കിട്ടും .

                 നല്ല രസമാണ് ചങ്ങാടത്തിൻ മേലുള്ള യാത്ര . തലയിൽ ഓരോ പാളത്തോപ്പിയും വെച്ച് , ചെറിയ കഴുക്കൊലുക്കൊണ്ട് ചങ്ങാടം ഊന്നി , കായലിന്റെ നടുവിൽ പങ്കായം ഉറപ്പിച്ച് ഓളത്തിന്റെ ചാഞ്ചട്ടത്തിനനുസരിച്ചു ഇളകിക്കൊണ്ടിരിക്കുന്ന ചങ്ങാടത്തിൽ ഇരുന്നു ചൂണ്ടയിടുക , അതൊരു രസം തന്നെയാണ് . അനുഭവത്തിൽ കൂടി മാത്രം അറിയുവാൻ കഴിയുന്ന രസം.

                    ചൂണ്ടയിട്ടു കഴിഞ്ഞു വരുമ്പോൾ നല്ല വിശപ്പായിരിക്കും ഉണ്ടാവുക  പറമ്പിൽ നട്ടു വളർത്തുന്ന ; നല്ല വെണ്ണ പോലത്തെ പുഴുങ്ങിയ കപ്പയും , കാന്താരിമുളകു പുളിയിട്ടു ഉടച്ചതും ,പിന്നെ തലേ ദിവസത്തെ മീൻ കറിയുടെ ചാറും , നല്ല ചൂടുള്ള കട്ടൻ ചായയും  ഹോ  ..   എന്താ അതിന്റെ ഒരു സ്വാദ് .
            
                 
                  ശക്തമായി മഴ പെയ്യുന്ന ദിവസങ്ങളിൽ , ഞങ്ങളെ  സ്കൂളിലെക്കൊന്നും വിടത്തില്ല ..., അങ്ങനെ എത്രയോ ദിവസങ്ങൾ സ്കൂളിലേക്ക് പോകാതെ , ചൂണ്ടയിടാൻ പോയിരിക്കുന്നു .

      

Popular posts from this blog