സത്യത്തിൽ അവിടെ വിറക്കേണ്ടതോ, പരിഭ്രമിക്കേണ്ടതോ ആയ  യാതൊരാവശ്യവും എനിക്കില്ല .

                       ഞാൻ കാശു കൊടുക്കുന്നു , ചായ കുടിക്കുന്നു , അതിനുള്ള പൈസയും എന്റെകൈയ്യിലുണ്ട് .

                                                     എന്നിരുന്നാലും ; എനിക്ക് ജോലി ലഭിക്കുവാനുള്ള ഒരു ആശ്രിതത്വം ഞാനയാളിൽ നിന്നും  പ്രതിക്ഷിക്കുന്നു .
               പിന്നെ സത്യത്തിൽ  ചായ കുടിക്കുന്നതായിരുന്നില്ലല്ലോ  എന്റെ  മുഖ്യ ആവശ്യം. 

                      ഒരു ജോലിയാണ് ഞാൻ അയാളിൽ നിന്നും പ്രതീക്ഷിക്കുന്നത് , അപരിചിതമായ ഈ നഗരത്തിൽ തീർത്തും അപരിചിതനായ ഒരാളോട് ഒരു  സഹായം അഭ്യർഥിക്കേണ്ടി  വരുമ്പോൾ , നമക്കുണ്ടാകുന്ന ഒരു പരിഭ്രമമുണ്ടല്ലോ , അതായിരുന്നു എന്നെ വലയം ചെയ്തിരുന്നത്.

                                                  ഒരു മലയാളിയാണോ അയാൾ എന്നുള്ള എന്റെ സംശയത്തെ അസ്ഥാനത്താക്കിക്കൊണ്ടും, എന്റെ ഉള്ളിൽ ഒരു കുളിർ മഴ പെയ്യിച്ചു കൊണ്ടും ; അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു .

                                                   ''ഔസേപ്പേ പുറത്തേക്ക് ഒരു ചായ .''

                                          മലയാളത്തിലുള്ള ആ മൊഴി കേട്ടപ്പോൾ  ; വലിയൊരു  ആശ്വാസം , എന്റെ മനസ്സിനെ തലോടിക്കൊണ്ട് കടന്നുപോയി .

             ഭാഗ്യം ..., ആൾ മലയാളി തന്നെ .

                                            പറഞ്ഞു തീർന്ന  അതേ  നിമിഷത്തിനുള്ളിൽത്തന്നെ ; ചായയുമായി ആ പയ്യൻ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു .

               അത്രയും ചടുലത .

                                                 ചായ ഗ്ലാസ് വാങ്ങിയ എനിക്ക് അത്ഭുതമാണ്   തോന്നിയത് . നാട്ടിൽ ഒരു വെട്ടുഗ്ലാസ്സ് മുഴുവൻ കിട്ടുന്ന ചായ , അതിന്റെ പകുതിയുള്ള ഗ്ലാസ്സിൽ ; അതിലും പകുതിയായി കണ്ടപ്പോൾ .

                                                   പക്ഷെ , കുറ്റം പറഞ്ഞു കൂടാ., ഗ്ലാസ്സ് മുഴുവനും ഉണ്ടായിരുന്നു, പകുതി ചായയെന്ന ദ്രാവകവും , അതിനു മുകളിൽ  സോപ്പ് വെള്ളത്തിൽ പതിപ്പിച്ച പോലെയുള്ളൊരു പതയും .തിളച്ചു കൊണ്ടിരിക്കുന്ന പാലിനെ കപ്പുകൊണ്ട് രണ്ടുമൂന്നാവർത്തി മേലേക്ക് ആറ്റി ഒഴിച്ച് രൂപപ്പെടുത്തുന്നതാണ് ഈ പത .

                                                 ഒറിജിനൽ ചായയുടെ അളവ് വളരെ കുറവും   , ബാക്കിയുള്ള ഭാഗം മുഴുവൻ  ഈ പതയും  നിറച്ചായിരിക്കും കസ്റ്റമർക്ക് കൊടുക്കുന്നത് .    

Popular posts from this blog