12

ഡാ വീടെത്തി

എവിടെ ?

 ആകാംക്ഷയായിരുന്നു  എന്റെ ചോദ്യത്തിനും  നോട്ടത്തിനും .

ദാ ... ആ  കാണുന്നതാണ് 

മണിച്ചേട്ടൻ കൈചൂണ്ടിയ ദിശയിലേക്ക് എന്റെ നോട്ടം പാഞ്ഞു ചെന്നു  ആ വഴിയുടെ അവസാന ഭാഗത്തായി  തരക്കേടില്ലാത്ത ഒരു ടെറസ്സ് വീടുണ്ടായിരുന്നു .

ആ ...കാണുന്ന ടെറസ്സ് വീടാണോ ?

അതുതന്നെ  നമ്മളതിന്റെ  മുകളിലാണ് താമസം  താഴെ വീട്ടുടമസ്ഥനും കുടുംബവും . 

മുകളിലേക്ക്  നോക്കിയ ഞാൻ  ഞെട്ടിപ്പോയി  എന്റെ കണ്ണുകൾ എന്നെ വഞ്ചിക്കുകയാണോ? അതോ കണ്ണുകളെ ഞാൻ വഞ്ചിക്കുകയാണോ?

അത് വല്ലാത്തൊരു കാഴ്ചയായിരുന്നു  നാലുപുറവും ഓലകളാൽ മറച്ച ഒരു കുടിൽ അതിനു മുകളിൽ കെട്ടിവെച്ചിരിക്കുന്നു .

ശൌര്യമുള്ള നായയുടെ പുറത്തു  പൂച്ച കയറി ഇരിക്കുന്നത് പോലെ തോന്നി എനിക്കത് കണ്ടപ്പോൾ .

നല്ലൊരു ടെറസ്സ് വീടിനുമുകളിൽ ഒരു കുടിൽ കെട്ടിവെച്ചിരിക്കുന്നു  അതിലൊരാൾ  വാടകക്കു  താമസിക്കുന്നു ആ  താമസിക്കുന്നവന്റെ കീഴിൽ ജോലി ചെയ്യാൻ വന്ന ഒരു എരപ്പാളി ആണോ ഞാൻ ?

ഈ കുടിലിലാണ് ഇയാളുടെ താമസമെങ്കിൽ  എന്റെ കാര്യം പോക്കു തന്നെ  ഇത്രയും പാവപ്പെട്ടവനായ ഒരാളാണോ  എനിക്ക് ജോലിയും കൂലിയും  വാഗ്ദാനം ചെയ്തത്  ?

ഇനി ശമ്പളമില്ലാത്ത ജോലിയായിരിക്കുമോ  ഇയാൾ ഉദ്യേശിച്ചിട്ടുണ്ടാവുക? ഈ കുടിൽ കണ്ടിട്ട്  എനിക്കുള്ള കൂലി  പോയിട്ട്  ഇയാൾക്ക്  തന്നെ മുന്നു നേരം വല്ലതും കഴിക്കുവാനുള്ള വകയുണ്ടാകുമോ ?

എന്റെ ഈശ്വരാ  ഈ പക്ഷ്ണിയുടെ  പങ്കു പറ്റാനാണോ  ഞാൻ ഈ മനുഷ്യന്റെ കൂടെ വന്നത് ?

ഒരു സംശയ നിവാരണത്തിനായി ഞാൻ മണിച്ചേട്ടന്റെ ദേഹത്തേക്ക് സുക്ഷിച്ചു നോക്കി 

പഷ്ണിയുടേതായ  യാതൊരു അടയാളവും എനിക്കവിടെ കാണാൻ കഴിഞ്ഞില്ല 
 ഉരുണ്ടുകൊഴുത്ത്  ഉയരം കുറഞ്ഞ്  എന്താപ്പ  പറയാ  ഒരു മണുങ്ങൻ 

എന്റെ ഉള്ളിലാണ് ഞാനതു  പറഞ്ഞതെങ്കിലും  അതിന്റെ പ്രതിഫലനം മണിച്ചേട്ടൻ കേട്ടോ  എന്നൊരു സംശയം തോന്നി  എന്നെ തിരഞ്ഞു നോക്കിയപ്പോൾ .

എന്നാൽ അടുത്ത നിമിഷം തന്നെ ഞാനതു തിരുത്തി ,

അങ്ങിനെയൊന്നും ചിന്തിക്കുവാൻ പാടില്ല ഈ നടുക്കടലിൽ നമുക്കൊരു സഹായ ഹസ്തവുമായി വന്നവനാണ്  ഒരു നേരത്തെ ഭക്ഷണം തന്നവനാണ്‌  ഒരു ജോലി വാഗ്ദാനം ചെയ്തവനാണ്  എന്നെയും വെച്ചിരുത്തി ഇത്രയും ദൂരം സൈക്കിൾ ചവുട്ടിയവനാണ്  സൈക്കിൾ ചവുട്ടിച്ചില്ല എന്നു പറയുന്നത് അത്ര വലിയ കാര്യം അല്ലെങ്കിലും ഒരു കാര്യം തന്നെയാണ്  കാരണം ഞാൻ അയാളുടെ പണിക്കാരനാണ് പണിക്കാരനെ പുറകിലിരുത്തി സൈക്കിൾ ചവിട്ടേണ്ട കാര്യം മുതലാളിക്കില്ലല്ലോ 

എന്റെ ദുഷ്ട ചിന്തയെ  ഞാൻ തന്നെ ശകാരിച്ചു  .

നന്ദി വേണമെടാ  നന്ദി , അതെ നന്ദി വേണം  ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചാലും, നന്ദി വേണം

Popular posts from this blog