8

                                    ഗ്രാമത്തിന്റെ നൈർമല്യത്തിലേക്കും  , അതിന്റെ സുഖശീതളിമയിലേക്കും, അങ്ങിനെ ആത്മാവിലേക്കും  ആഴത്തിൽ ഇറങ്ങിച്ചെന്ന് അതിന്റെ സ്പന്ദനങ്ങളെ അതേപടി ഒപ്പിയെടുത്ത് അനുവാചകരെ  കഥാകാരന്റെ തൂലികക്കൊപ്പം  കൂട്ടിക്കൊണ്ട് പോകണമെങ്കിൽ ,?

                                     അത് അത്ര എളുപ്പമുള്ള  ഒന്നല്ല,  അതിനു അസാമാന്യമായ ഉൾക്കരുത്തു വേണം , വായനക്കാരെ ഉൾപ്പുളകത്തോടെ പിടിച്ചിരുത്താനുള്ള സർഗ്ഗാത്മകത വേണം,  കാഴ്ചകളെ  അതേപടി പകർത്തുവാനുള്ള  അവതരണ മികവു വേണം .

                        കണ്‍മുന്നിൽ നൃത്തമാടുന്ന കവിതകളെ നടന ചാതുര്യത്തോടെ ആവിഷ്ക്കരിക്കാനുള്ള ആഴം വേണം .

                ഇതൊന്നുമില്ലെങ്കിൽ , അതിൽ പൂർണത കൈവരിക്കനാകുമോ എന്നെനിക്കു സംശയമുണ്ട്‌ . ഇല്ലെങ്കിൽ ഇതെല്ലാം അനുഭവിച്ചു തന്നെ അറിയണം . ഓരോ അനുഭവങ്ങളും ജീവിതത്തിന്റെ  ഓരോ സാക്ഷ്യപത്രങ്ങൾ ആണല്ലോ .

              ഓർമ്മകളുടെ യവനിക ഉയർത്തി നോക്കുമ്പോൾ  ഉൾപ്പുളകം ഉണർത്തുന്ന  എത്രയോ  അനുഭവങ്ങൾ   സംഭവങ്ങൾ  ചിത്രങ്ങൾ  ഓരോ ബാല്യത്തിനും , കൌമാരത്തിനും , യൌവ്വനത്തിനും പറയുവാനുണ്ട് .

         ബാല്യം, അതൊരു സ്വർഗ്ഗീയ   കാലഘട്ടമാണ്. ജീവിതത്തിൽ ഒരിക്കലും തിരിച്ചു പോക്കിന് സാദ്ധ്യതയില്ലാത്ത  , സുവർണ്ണ കാലഘട്ടം .

                    അപൂർവ്വങ്ങളെ ഒഴിച്ചു നിറുത്തിയാൽ ; ഏതൊരുവനെയും രോമാഞ്ചം അണിയിക്കുന്ന കാലഘട്ടം . ഒരു പൂമ്പാറ്റയുടെ നൈർമല്യത്തോടെ പറന്നു നടക്കുന്ന കാലം , ഉത്കണ്ഠകളില്ല , ഭയാശങ്കകൾ ഇല്ല ,ജീവിതത്തെക്കുറിച്ചുള്ള മുൻവിധികളില്ല , ആധികളില്ല , അലച്ചിലുകൾ ഇല്ല,സന്തോഷം മാത്രം തുളുമ്പി നിൽക്കുന്ന  ഒരു സുവർണ്ണ കാലം .

                     അഴിച്ചു വിട്ട പട്ടം പോലെ , പറമ്പിലും ,   പാടത്തും , വരമ്പിലും , തൊടിയിലും    പറന്നു നടക്കുന്ന കാലം.

                    ഇത് ഗ്രാമത്തിന്റെ സ്വന്തമാണ് , നഗരത്തിലെ ബാല്യത്തിന് കാല്പനകതയുടെ ; ഈ സുഖം അനുഭവഭേദ്യമാക്കുവാൻ കഴിഞ്ഞിട്ടുണ്ടോയെന്നിനിക്ക്   ഉറപ്പില്ല .      

Popular posts from this blog