ഉറങ്ങാനായി കണ്ണടച്ചുവെങ്കിലും .., ഉറക്കം വരുന്നില്ല .
വെറുതെയിരിക്കുന്ന മനസ്സ് ; അതിന്റെ പാട്ടിനു സഞ്ചരിച്ചുതുടങ്ങി , ചിത്രങ്ങളും ..., ഓർമ്മകളും മനസ്സിന്റെ കാൻവാസിലേക്ക് പിച്ചവെച്ചു, പിന്നെ , പിന്നെ ,അത് കടിഞ്ഞാണില്ലാതെ പായുന്ന കുതിരയെപ്പോലെ കുതിച്ചു അതിന്റെ വിശാലതകളിലേക്ക് കാണാപ്പുറങ്ങളിലേക്ക് , സ്വന്തങ്ങളിലേക്ക് ബന്ധങ്ങളിലേക്ക് , നാട്ടിലേക്ക് വീട്ടിലേക്ക് .., കഴിഞ്ഞകാല ഓർമ്മകൾ അതങ്ങനെ അനുവാദമില്ലാതെ മനസ്സിനുള്ളിലേക്ക് കടന്നുവന്നുകൊണ്ടിരുന്നു .
അപ്പൻ അമ്മ, സഹോദരി വീട് .., കൂട്ടുകാർ .., എന്റെ നാട് ,
കാട്ടുമുല്ല ചെടികൾ പടർന്നു നിൽക്കുന്ന വേലികൾക്കിടയിലൂടെ ..., നീണ്ടുകിടക്കുന്ന ചെമ്മണ്‍പാതകൾ , അവയുടെ അവസാനം വിശാലമായ പാടശേഖരങ്ങൾ..,!
പച്ചപ്പു നിറഞ്ഞ പാടങ്ങളുടെ വിരിമാറിലൂടെ കടന്നുപോകുന്ന കൈത്തോടുകൾ .., അവക്കിരുവശത്തും നിരനിരയായി കൂട്ടംചേർന്നു ഇരതേടുന്ന അരണ്ടകളും .., കൊക്കുകളും .
വരമ്പിന്റെ ഇരുണ്ട ചെറിയ മാളങ്ങളിൽ നിന്നും പുറത്തേക്കുവരുന്ന ഞണ്ടുകൾ ..,വെള്ളത്തിലൂടെ ഇഴഞ്ഞു നീങ്ങുന്ന നാട്ടാമകൾ .
പാടത്തെ ചെളിയുടെയും,പച്ചപുല്ലിന്റെയും മണം നിറഞ്ഞു നിൽക്കുന്ന പ്രകൃതി .
നാട്ടുവഴിയുടെ ഇരുവശത്തും വളർന്നു നിൽക്കുന്ന .., തൊട്ടാവാടികളും കറുകപുല്ലുകളും , തൊടുമ്പോഴേക്കും കൂമ്പി പോകുന്ന തൊട്ടാവാടിയുടെ ഇലകൾ കാണാൻ തന്നെ ഒരു രസമുണ്ടായിരുന്നു ....!, മുള്ളുകൾ ഉള്ള ഈ ചെടിയിൽ തോട്ടുകളിക്കുന്നതുതന്നെ അന്നൊരു വിനോദമായിരുന്നു ...!
ഈ ചെടിയുടെ സ്വഭാവത്തിൽ നിന്നാണല്ലോ .., മിണ്ടുമ്പോഴേക്കും പിണങ്ങുന്നവരെ തൊട്ടാവാടികൾ എന്നു വിളിച്ചിരുന്നത് .., വളരെ അർത്ഥവത്തായൊരു ഉദാഹരണം .
തൊട്ടാവാടികൾ പോലെ തന്നെ പറമ്പുകളിൽ ധാരാളം കണ്ടുവരുന്ന ഒന്നായിരുന്നു മുത്തങ്ങാചെടികൾ .., വളരെയധികം ഔഷധഗുണമുള്ളതാണ് ..; ഇതിന്റെ കിഴങ്ങുകൾ എന്ന് ..; എന്റെ അപ്പൻ എനിക്ക് പറഞ്ഞുതന്നിരുന്നു ..., ഒരു പ്രത്യേക രസമാണ് അതിന്റെ ചെറുകിഴങ്ങുകൾക്ക്.
രസകരങ്ങളായ എന്തെല്ലാം ഓർമ്മകളാണ് ബാല്യകാലം നമുക്ക് സമ്മാനിക്കുന്നത് .
വേനലവധിയാണ് എല്ലാ വിനോദങ്ങളുടേയും .., വിക്രതിത്തരങ്ങുളുടെയും .., ദിനങ്ങൾ .., ഒന്നിച്ചുചേരുന്ന സമപ്രായക്കാരുടെ ഒരു പട തന്നെയുണ്ടാകും .., അന്നൊക്കെ ഓരോ ദിവസങ്ങളും ഉത്സവങ്ങൾ ആയിരുന്നു .