പ്രാദേശിക ചാനലുകൾ അധികമൊന്നും ഇല്ലാത്ത അക്കാലത്ത് ഡൽഹിയിൽനിന്നും പ്രക്ഷേപണം ചെയ്യുന്ന ദൂരദർശൻ പരിപാടികൾ മാത്രമായിരുന്നു മുഖ്യ ഇനങ്ങൾ .
സന്ധ്യ മയങ്ങിയാൽ ഗ്രാമവാസികൾ മുഴുവനും ലോനചേട്ടന്റെ വീട്ടിലായിരിക്കും ഉണ്ടായിരിക്കുക അന്നത്തെ ഹിറ്റ്, ചിത്രഹാർ ആയിരുന്നു ഹിന്ദി ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു പരിപാടി ആയിരുന്നുവത് പിന്നെ അപൂർവ്വമായി പ്രക്ഷേപണം ചെയ്യുന്ന മലയാളം അവാർഡ് പടങ്ങളും ബാക്കിയെല്ലാം തന്നെ ഹിന്ദി പരിപാടികൾ ആയിരിക്കും .
ഹിന്ദി .., ആർക്കും തന്നെ മനസ്സിലാവില്ലെങ്കിൽ കൂടി എല്ലാവരും വാ പൊളിച്ചു തന്നെയാണിരിക്കുക ആ പരിപാടി കാണുന്നതിലുള്ള രസത്തെക്കാൾ ഉപരി പരിപാടി കാണിക്കുന്ന പെട്ടിയോടുള്ള അത്ഭുതമായിരുന്നു എല്ലാവർക്കുമുണ്ടായിരുന്നത് .
സിനിമാ ദൃശ്യങ്ങൾ സ്വന്തം വീട്ടിൽ ഇരുന്ന് കാണുക എന്നുള്ളത് അന്നത്തെക്കാലത്ത് വലിയൊരു സംഭവം തന്നെയായിരുന്നു .
പിന്നെ എല്ലാ ഞായറാഴ്ചകളിലും പ്രക്ഷേപണം ചെയ്യുന്ന രാമായണം ഇതും ഗ്രാമവാസികളുടെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നായിരുന്നു.
അതുപോലെ ആഴ്ചയിലൊരിക്കൽ സിറ്റിയിൽ നിന്നും സിനിമകളുടെ വീഡിയോ കാസ്സെറ്റ് എടുത്തു കൊണ്ടുവന്നു പടം ഇടാറുണ്ടായിരുന്നു അന്നൊക്കെ അത്ഭുത പൂർവ്വമായ തിരക്കായിരിക്കും അവിടെയുണ്ടാവുക .
എല്ലാവർക്കും കാണുവാൻ പാകത്തിൽ വീടിന്റെ ഇറയത്തു ഉയരമുള്ള ഒരു സ്റ്റൂൾ മുറ്റത്തേക്ക് തിരിച്ചിട്ടായിരിക്കും ടി.വി. വെച്ചിട്ടുണ്ടായിരിക്കുക . പുരുഷന്മാരും സ്ത്രികളും കുട്ടികളും അടക്കം വലിയൊരു ജനക്കൂട്ടം മുറ്റത്തും ഇറയത്തുമായി ഇരിക്കുന്നുണ്ടായിരിക്കും .
ഈ ആൾക്കൂട്ടത്തിനു നടുവിൽ വലിയൊരു ചാരുകസേരയിൽ ഒരു പ്രമാണി കണക്കെ ലോനചേട്ടൻ കിടക്കുന്നുണ്ടായിരിക്കും
ടി .വി. കാണാൻ വരുന്നവരൊക്കെ വളരെ ബഹുമാനത്തോടു കൂടി മാത്രമേ ലോനചേട്ടനോട് സംസാരിക്കാറുള്ളൂ .
ഒരു കാലത്ത് ചുമട് എടുത്തു നടന്നവനാണ് മക്കളെല്ലാം ഗൾഫിൽ പോയി പണമുണ്ടാക്കിയപ്പോൾ ആളാകെ മാറി .
ആദ്യത്തെ കുറച്ചു ദിവസങ്ങൾ മാത്രമേ ടി.വി.യോടുള്ള ആരാധന ഉണ്ടായുള്ളൂ പതുക്കെ പതുക്കെ ഒന്നും മനസ്സിലാകാത്ത നിഴൽക്കൂത്തുകൾ കാണാൻ ആർക്കും താല്പര്യം ഇല്ലാതായി .
ഇതാണോ ടി.വി എന്നു പറയുന്ന സാധനം എന്ന അത്ഭുതത്തെ മനസ്സിലാക്കുവാനായിരുന്നു ആദ്യ കാലത്ത് ആളുകൾ കൂട്ടത്തോടെ എത്തിയിരുന്നത് .
എന്നാൽ ഇതാണ് ടി .വി. ആകാംക്ഷ സാധാരണതയിലേക്ക് വഴി മാറിയപ്പോൾ ജനങ്ങളുടെ കുത്തൊഴുക്കും അവസാനിച്ചു .
എന്നാൽ ശനിയും ഞായറും ദിവസങ്ങളിൽ നല്ല തിരക്കുതന്നെ ആയിരിക്കും എന്നാൽ ഞങ്ങളുടെതടക്കം ഏറ്റവും അടുത്ത ചുറ്റുവട്ടത്തുള്ള ചില വീട്ടുകാർ , ലോനചേട്ടന്റെ വീട്ടിലെ നിത്യ സന്ദർശകർ ആയിരുന്നു .ഇതിനു പിന്നിൽ ടി.വി കാണുക എന്ന ഇഷ്ടത്തിനേക്കാൾ ഉപരിയായി നിന്നത് ചുറ്റും കൂടിയിരുന്നു , നാട്ടുവർത്തമാനം പറയുവാനുള്ള പെണ്ണുങ്ങളുടെ കൊതിയായിരുന്നു .