ക്ഷണ നേരത്തിനുള്ളിൽ ആ ചൂടുള്ള ഇഡ്ഡലിയും  വടയും  എന്റെ ഉള്ളിലേക്ക് എത്തിച്ചേർന്നു  വളരെ വ്യതസ്തമായ രസങ്ങൾ ആയിരുന്നു അവക്കെല്ലാം  ഉണ്ടായിരുന്നത് .

നാട്ടിലെ രുചിയിൽ നിന്നും ഒരു വ്യത്യസ്ഥത  എനിക്കനുഭവപ്പെട്ടു .

എങ്കിലും അത് ആധികാരികമായി ഉറപ്പിക്കാൻ  കഴിയുന്നില്ല ,കാരണം 
നാട്ടിൽ രാവിലത്തെ ഭക്ഷണത്തിന് ഇഡ്ഡലിയെല്ലാം അപൂർവ്വമായ ഒരു അനുഭവമാണ്  എനിക്ക് . എന്റെ വീട്ടിലാണെങ്കിൽ  അങ്ങിനെയൊരു പ്രഭാത ഭക്ഷണത്തിന്റെ ഏർപ്പാടെ  ഇല്ലായിരുന്നു .

അതൊക്കെ വലിയ ആർഭാടമായിരുന്നു ദിവസവും ഇഡിലിയും സാമ്പാറും കഴിക്കാനുള്ള വകയൊന്നും എന്റെ വീട്ടിൽ ഇല്ലായിരുന്നു .

അത്താഴപട്ടിണിക്കാർക്ക് എവിടെന്നാണ് ഇഡ്‌ഡലിയും വടയും ?

വല്ല പഴങ്കഞ്ഞിയോ, കപ്പ പുഴുങ്ങിയതോ ഒക്കെ ആയിരിക്കും ഞങ്ങളുടെ ബ്രേക്ക് ഫാസ്റ്റ് .

പിന്നെ ഞാൻ പനി പിടിച്ചു കിടന്ന ഒന്നോ രണ്ടോ പ്രാവശ്യം അടുത്തുള്ള നാണു ചേട്ടന്റെ ചായക്കടയിൽ നിന്ന് അമ്മ വാങ്ങിക്കൊണ്ടു തന്നൊരൊർമ്മ എനിക്കുണ്ട് . ഇങ്ങനെ വിരലിൽ എണ്ണാവുന്ന തരത്തിലുള്ള  സമ്പർക്കം മാത്രമേ  ഇത്രയും കാലത്തെ എന്റെ ജീവിതത്തിനുള്ളിൽ ഞാനും  ഇഡ്ഡലിയും തമ്മിലുണ്ടായിട്ടുള്ളൂ .

പലപ്പോഴും നാണു ചേട്ടന്റെ കടയുടെ മുന്നിൽകൂടി പോകുമ്പോൾ  ചില്ലരമാരക്കുള്ളിൽ വെളുത്ത പറക്കും തളികകൾ പോലെ അവൻ അങ്ങനെ കിടക്കുന്നത് കണ്ടിട്ടുണ്ടെന്നല്ലാതെ  അതിനെ  ദിവസവും ഒരു തീറ്റ വസ്തുവാക്കനുള്ള  കഴിവ് എന്റെ കുടുംബത്തിന് അപ്രാപ്യമായിരുന്നു .

പിന്നെ ആ  ഇഡ്ഡലിയുടെ കൂടെ കിട്ടുന്ന സാമ്പാറും  ചട്നിയുമാണെങ്കിലോ അതിങ്ങനെ കുറു കുറാ എന്നുള്ളതൊന്നുമായിരുന്നില്ല  അര മുറി നാളികേരത്തിൽ ഏതാണ്ട് രണ്ട് ലിറ്ററോളം വെള്ളം ചേർത്തു  ചൂടാക്കി  കടുകും , കറിവേപ്പിലയും ചേർത്ത് താളിച്ചെടുക്കുന്ന ചട്നിയാണത്   ഒരു ചട്ണിസാമ്പാറെന്നു വേണമെങ്കിൽ പറയാം 

ആ ഇഡ്ഡലിയും ഈ ഇഡ്ഡലിയും  തമ്മിൽ താരതമ്യം ചെയ്യുമ്പോൾ  ഇവനാണ് യഥാർത്ഥ  ഇഡ്ഡലിയെന്നുറക്കെ വിളിച്ചു പറയുവാൻ എനിക്കു തോന്നി         

Popular posts from this blog