The Incredible life... part 3

           
   മുംബൈയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ   ഒന്നായ താനെയിൽ  ഇറങ്ങുബോൾ ആകെയുണ്ടായിരുന്നത്  ആത്മവിശ്വാസവും , എന്തു വന്നാലും ജീവിച്ചു മുന്നേറാമെന്നുമുള്ള  ദൃഢമായ  മനസും മാത്രമായിരുന്നു. എന്നാൽ അവിടെ   കണ്ട ആ  തിരക്കിൽ  എവിടേക്ക് പോകണമെന്നോ  എന്തു ചെയ്യണമെന്നോ അറിയാതെ വിറങ്ങലിച്ചു നിന്നുപോയ നിമിഷങ്ങൾ.

   ആരോടും പറയാതെ ,ഒരാവേശത്തിന്  ജോലി തേടി മുംബൈലേക്കു ഇറങ്ങി തിരിച്ചത്  മണ്ടത്തരമായോ  എന്ന് തോന്നിപ്പോയ നിമിഷം .
 എന്നാൽ അടുത്ത വിനാഴികയിൽതന്നെ  മനസിന്റെ ഇഛാശക്തിയും  ജീവിതത്തിൽ എന്തെങ്കിലും ആയിത്തിരണം എന്നുള്ള വാശിയും  ആ പതർച്ചയെ   മറികടന്നു .
എങ്ങിനെയെങ്കിലും വലിയവനായി നാട്ടിൽ തിരിച്ചെത്തണം . സഹോദരിയെ വിവാഹം ചെയ്തയക്കണം  ,  വീടിൻമേലുള്ള  കടം വീട്ടണം , എല്ലാം ചുരുക്കിപ്പി ടിച്ച്  തനിക്ക് നല്ലൊരു വിദ്യാഭാസം നേടിത്തന്ന കുടുംബത്തിനു ഇനിയുള്ള കാലം  താങ്ങായി നിൽക്കേണം .

  അങ്ങനെ  ഒരുപാടൊരുപാട് സ്വപ്നങ്ങളുടെ ഭാണ്ഡവും  പേറിയുള്ള എന്റെ യാത്രയുടെ തുടക്കമാണിത് . എനിക്കീ ജീവിതത്തിൽ വിജയിക്കണം  അതിനുള്ള ഏറ്റവും നല്ല മണ്ണ് ഈ മുംബൈ മഹാ നഗരത്തിൽ തന്നെയാണുള്ളത്.

ആ സ്വപ്ന ലോകത്തിലേക്ക് ഞാനിതാ കാലെടുത്തു വെക്കുകയാണ് .
തിരക്കിലൂടെ  ഊളയിട്ട്   ഒരു വിധത്തിലാണ് ഞാൻ  സ്റ്റേഷനു  പുറത്തേക്കു കടന്നത്‌ .

   ബോംബേ  നഗരത്തിലെ    ആ ജനത്തിരക്ക് എന്നെ അത്ഭുത സ്തബ്ധനാക്കി കളഞ്ഞു  .

    ഇത്രയും വലിയ  ജനത്തിരക്കോ , ജന സമുദ്രമോ ?

   ആരും  ആരേയും ശ്രദ്ധിക്കുന്നില്ല  എല്ലാവരും അവരുടെതായ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു. അതിൽ  ലക്‌ഷ്യം തേടേണ്ടത് ഞാൻ  മാത്രം .

              പക്ഷേ .., എവിടെ  എങ്ങിനെ ?

   വഴിതെറ്റി പൂരപറമ്പിൽ  വന്നുപെട്ട നായയുടെ അവസ്ഥയായിരുന്നു എന്റേത് . ചുറ്റും പകപ്പോടെ നോക്കി ഞാനാ ആൾക്കുട്ടത്തിനു നടുവിൽ വേവുന്ന മനസ്സോടെ നിന്നു .

   മനസ്സിൽ സംഭരിച്ചു വെച്ച  ധൈര്യമെല്ലാം ചോർന്നു പോകുന്നത് പോലെ . നാട്ടിൽ എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളതാണ് എന്തു  ജോലി ചെയ്താലും ബോംബെയിൽ  ജീവിക്കാനാകും  അല്പസ്വല്പം സമ്പാദിക്കുവാനും. പ്രതീക്ഷയോടെ  വരുന്നവനെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന മഹാനഗരം ,ഒരിക്കിലും നിരാശപ്പെടുത്താത്ത നഗരം  ആ ഒരു വിശ്വാസമാണ് എന്നെ ഇവിടേക്കെത്തിച്ചത്.

     പക്ഷെ ......, ഈ ജനസാഗരത്തിനു നടുവിൽ  എവിടെയാണ് ഞാൻ ജോലി അന്വേഷിക്കേണ്ടത് ? എവിടെ നിന്നാണ് തുടങ്ങേണ്ടത് ?ആരോടാണ്  സഹായം അഭ്യർത്ഥിക്കേണ്ടത് ?

               വെറുതെ നിന്ന് സമയം കളയുന്നതിൽ അർത്ഥമില്ല .

                                    ''അന്വേഷിപ്പിൻ കണ്ടെത്തും .
                                             മുട്ടുവിൻ തുറക്കപ്പെടും !''

  എവിടെയാണ് അന്വേഷിക്കേണ്ടത് ? എവിടെയാണ് മുട്ടേണ്ടത്  ?
ഇവിടെ  എനിക്ക് പിടിച്ചു നിൽക്കണമെങ്കിൽ ഒരു ജോലിയും  തലചായിക്കാനൊരിടവും  വേണം .
അതെവിടെ  അറിയില്ല പരിശ്രമിക്കാം പരിശ്രമമാണല്ലോ വിജയത്തിലേക്കുള്ള ആദ്യ പടി .
പ്രിത്യാശ നിറഞ്ഞ മനസ്സോടെ ഞാനാ മഹാനഗരത്തിന്റെ വിരിമാറിലേക്ക് കാലെടുത്തുവെച്ചു . 

                                                     

Popular posts from this blog