ടി.വി യിൽ ഏതോ ഒരു പഴയ ഹിന്ദി സിനിമ ഓടിക്കൊണ്ടിരിക്കുന്നു .., അതെന്നിൽ ഒരു കൌതുകവും ഉണർത്തിയില്ല . ചുമ്മാ ടി.വി യിൽ നോക്കിയിരിക്കുമ്പോഴും .., എന്റെ കണ്ണുകൾ ചുറ്റും പരതുകയായിരുന്നു .
ഒരു കട്ടിലും , ഒരു അലമാരയും .... പിന്നെ കുറെ പഴയ പാത്രങ്ങളും , തുണികളും ആ മുറിയിൽ അങ്ങിങ്ങായി അടുക്കിവെച്ചിരിക്കുന്നു . ചെറിയ ആ അലമാരിയുടെ മുകളിലായിരുന്നു ടി.വി. വെച്ചിരിക്കുന്നത് , അലമാരിയുടെ പുറകിലായി കാർഡ് ബോർഡു കൊണ്ട് ഒരു മറ ഉണ്ടാക്കിയിരിക്കുന്നു .., അതായിരിക്കും കിച്ചൻ എന്നെനിക്കു തോന്നി ..., അതിനകത്തുനിന്നും പാത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു ...! സത്യത്തിൽ ഇതിനെയൊന്നും മുറികൾ എന്ന് വിളിക്കുവാൻ സാധിക്കില്ലെങ്കിലും ..., വേറെ മാർഗ്ഗമൊന്നും ഇല്ലായിരുന്നു .., ഒരു വലിയ ഹാളിനെ ഓലകൊണ്ടും , ചെറിയ ഭിത്തി കൊണ്ടും , പനമ്പ് കൊണ്ടും മൂന്നു ഭാഗങ്ങൾ ആയി തിരിച്ചിരിക്കുന്നു .!
അടുക്കളയിൽനിന്നും ഉയർന്ന ..., എന്തോ വറുക്കുന്ന മണം .., ഉണക്കമീൻ ആണെന്നുതോന്നുന്നു ....., എന്നല്ല ഉണക്ക മീൻ തന്നെ എന്നിലെ വിശപ്പിനെ ആളിക്കത്തിച്ചു ...!
ഞാനിരിക്കുന്ന കട്ടിലിനോട് ചേർന്ന് ; ആ കുട്ടികൾ രണ്ടുപേരും കളിച്ചുകൊണ്ടിരിക്കുന്നു. അതിനിടയിൽ പലപ്പോഴും ..; അവർ എന്നെ അത്ഭുതത്തോടുകൂടി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു ..!
ആദ്യമായി കാണുന്ന ഒരാളുടെ സാന്നിദ്ധ്യം .., ആ .., കൊച്ചുമനസ്സുകളിൽ .., ആകാംക്ഷ ഉണർത്തിയിരിക്കുന്നതായി എനിക്കു തോന്നി .., പലപ്രാവശ്യം ഞാനവരെ കൈമാടി വിളിച്ചെങ്കിലും ..,അപരിചിതത്വത്തിന്റെ മതിൽകെട്ടുകൾ ..; എന്റെ അടുക്കൽ വരുന്നതിൽനിന്നും അവരെ പിന്തിരിപ്പിച്ചു .., എങ്കിലും ജിജ്ഞാസഭരിതമായ ആ കൊച്ചു കണ്ണുകൾ എന്നെ വലയം ചെയ്തു തന്നെയാണിരുന്നത് ...!
ടി.വി.യിലെ ആ ബോറ് പരിപാടിയിൽനിന്നും രക്ഷ നേടുന്നതിനുവേണ്ടി .., ഞാൻ പുറത്തുകടന്നു . വീടിനു മുന്നിലെ തെരുവുവിളക്കുകൾ എല്ലാം പ്രകാശം പൊഴിച്ചു നിൽക്കുന്നു ...,!, ഞാൻ പതുക്കെ ആ തെരുവിലേക്കിറങ്ങി .., ഞാൻ വരുമ്പോൾ കണ്ട തിരക്കിന്റെ പതിന്മടങ്ങായ അന്തരീക്ഷം ..., ആരും .., ആരെയും ശ്രദ്ധിക്കുന്നില്ല ..., എനിക്കെല്ലാം അപരിചിതങ്ങൾ ആയിരുന്നു.
സന്ധ്യാ നേരത്താണ് .., തെരുവുകൾ കൂടുതൽ സജീവമാകുന്നത് .., രാവിൽത്തേതിൽ നിന്നും വ്യതസ്തമായി നിരത്തിന്റെ ഇരുവശത്തും കൂടുതൽ കച്ചവടക്കാർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു ..., എല്ലാത്തിനും മുന്നിൽ അത്ഭുതപൂർവ്വമായ തിരക്ക് .
മദ്യഷാപ്പിൽ ആണെങ്കിൽ പറഞ്ഞറിയിക്കാൻ ആകാത്ത അത്രയും തിരക്ക് ..., പലരും മദ്യപാനം റോഡിന്റെ വശങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുന്നു .
ഒരു കുടിയാൻ കടത്തിണ്ണയിലും .., റോഡിലും ആയി .., തന്റെ ശരിരം പകുത്തുവെച്ചു കിടക്കുന്നു .., ഈ ശബ്ദഘോഷങ്ങൾ ഒന്നും തന്നെ അലസോരപ്പെടുത്താതെ ...., സുഖസുഷ്പതിയിൽ ആണ് അയാൾ ...!
''കഷ്ടം ..അയാളുടെ വരവും കാത്ത് .., ഒരു കുടുംബം കാത്തിരിക്കുന്നുണ്ടാവില്ലേ ..? പലഹാരപ്പൊതിയുമായി എത്തുന്ന അച്ഛനെ കാത്ത് ...മക്കൾ ..., ജോലി കഴിഞ്ഞു തിരിച്ചുവരുന്ന ഭർത്താവിനെ കാത്ത് ഭാര്യ .
ഇതും ഒരു ജീവിതം .., ആരോടും ഒരു ഉത്തരവാദിത്വവും ഇല്ലാതെ .., സ്വന്തം കടമകൾ നിർവ്വഹിക്കാതെ .., സ്വന്തം .., സുഖം മാത്രം നോക്കി
'' സെൽഫിഷ്''
ബാക്കറികളും .., ചായക്കടകളും .., നിറയെ ഉണ്ടായിരുന്നു ..., ആ വീഥിയിൽ ...,, സാധനങ്ങൾ വാങ്ങുക .., തിന്നുക .., അത് മാത്രമാണ് ജീവിതാഭിലാക്ഷം .., എന്നുതോന്നും .., ഇവിടങ്ങളിലെയെല്ലാം തിരക്കു കണ്ടാൽ
എന്റെ ഗ്രാമത്തിൽ ..., വൈകുന്നേരം ഏഴു മണി കഴിഞ്ഞാൽ .., വിജനമാകുന്ന തെരുവുകളിൽ നിന്നും ഏറെ വ്യത്യസ്ഥം ...!
തിരിച്ചു ചെന്നു കേറുമ്പോൾ .., സമയം ഏകദേശം എട്ടുമണി കഴിഞ്ഞിരിക്കുന്നു .., ഒരു കുട്ടിയെ ഒക്കത്ത് വെച്ചുകൊണ്ട് .., ശാന്തേച്ചി വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു ....!
''എങ്ങോട്ടേക്കാടാ പോയത് .?''
''വെറുതെ ഒന്നു പുറത്തെക്കിരങ്ങിയതാ ..,ചേച്ചി ''
''ഒന്നു പറഞ്ഞിട്ടു പോയിക്കൂടെ .., , ഞാൻ പേടിച്ചുപോയി .''
''ഛെ ...,, മോശമായിപ്പോയി ..., പറഞ്ഞിട്ടു പോകാമായിരുന്നു .., അവരെന്നെപ്പറ്റി എന്തു വിചാരിച്ചിരിക്കും ...?'' , ഞാൻ എന്നോടു തന്നെ മന്ത്രിച്ചു ..!
''ക്ഷമിക്കണം ..., ചേച്ചി ''
''ഓ .., സാരമില്ല .., നിനക്ക് വഴി അറിയില്ലെന്ന് വിചാരിച്ചു ..., , നീ വന്ന് ഉണു കഴിക്ക് ..!''
''മണിച്ചേട്ടൻ വന്നില്ലേ ..,ചേച്ചി ..?''
''മൂപ്പര് വരുമ്പോൾ പാതിരാത്രി കഴിയും നീ കഴിച്ചിട്ട് കിടന്നോ ..., നാളെ തൊട്ട് പണി ചെയ്യേണ്ടതല്ലേ ..?''
ഭക്ഷണം കഴിക്കാനായി ചമ്രം പടിഞ്ഞിരുന്ന എന്റെ മുന്നിലേക്ക് .., ഒരു കൈയ്യിൽ പാത്രം നിറയെ ചോറും .., മറുകൈയ്യിൽ കറിയുമായി ചേച്ചി വന്നു
അവർ എന്റെ മുഖത്തേക്കൊന്ന് സുക്ഷിച്ചു നോക്കി ..., ആ ..., നോട്ടത്തിനുമുന്നിൽ ഞാനൊരു നിമിഷം പതറിക്കൊണ്ട് ചോദിച്ചു ...,
''എന്താ ചേച്ചി ..?''
''ടാ ..., നീ ..., കൈകഴുകിയോ '?,ഓ അതാണോ എനിക്ക് ആശ്വാസം ആയി
''കുളിക്കുമ്പോൾ കഴുകിയതാണ് ചേച്ചി , എന്റെ ഉത്തരം നിഷ്കളങ്കമായിരുന്നു ..!
''നല്ല സാധനം തന്നെ '' എന്നുപറഞ്ഞു ചിരിച്ചുകൊണ്ട് അവർ അകത്തേക്കുപോയി
ആ .., തുടർ നിമിഷത്തിലായിരുന്നു എന്റെ വായിൽ നിന്നും ആ വിഡ്ഢി ചോദ്യം ഉയർന്നത് ..
''എന്താ ചേച്ചി ..., നിങ്ങൾ ഭക്ഷണം കഴിക്കുന്നില്ലേ ''?
ഭക്ഷണം ദാനം തന്നയാളോട് തന്നെ നിങ്ങൾ കഴിക്കുന്നില്ലേ , എന്നു ചോദിച്ചതിലെ അനൌചിത്യം അവർക്ക് മനസ്സിലാകാഞ്ഞതാണോ .?, അതോ ..?, അറിഞ്ഞിട്ടും .., അറിയാത്തതായി .., ഭാവിച്ചതാണോ ...?, എന്നാൽ യാതൊരും ഭാവമാറ്റവും ഇല്ലാതെ ആയിരുന്നു അവരുടെ ഉത്തരവും ..!
'' നീ കഴിച്ചോ ..., എനിക്ക് ഇനിയും ധാരാളം പണിയുണ്ട് .., നാളേക്ക് അപ്പം ഉണ്ടാക്കുന്നതിനുള്ള അരി കുതിരാൻ വെക്കണം .., കടയിൽ നിന്ന് പഞ്ചസാരയും , ഓയിലും വാങ്ങണം .., ഇതെല്ലാം കഴിഞ്ഞ് കുട്ടികൾക്ക് ഭക്ഷണം കൊടുക്കണം .., എന്നിട്ടേ ഞാൻ കഴിക്കാറുള്ളൂ ..''
ഇത്രയധികം ജോലികൾ ബാക്കിയുണ്ടായിട്ടും .., അതിനു മുൻപേ ചോറും , കറികളും ,തയ്യാറാക്കി .., ഒരു ജോലിക്കാരനായി വന്ന എനിക്ക് വിളമ്പിയതിനെ കുറിച്ച് ഓർത്തപ്പോൾ .., അവരുടെ ആഥിത്യ മര്യാദയിൽ എനിക്ക് ബഹുമാനം തോന്നി .