എന്റെ ഗ്രാമത്തിലെ ഇടവപ്പാതികൾ , ബാല്യത്തിലെ ഏറ്റവും സുഖകരങ്ങൾ ആയ ഓർമ്മകളുടെ തുരുത്തുകൾ ആയിരുന്നു എനിക്കെന്നും സമ്മാനിച്ചിരുന്നത് . 

                                       അതിനാൽ അന്നും , ഇന്നും , എനിക്ക് ഏറ്റവും ഇഷ്ടം ഇടവപ്പാതികളോടായിരുന്നു  , തുള്ളിക്കൊരു കുടം കണക്കെ  മഴ തകർത്തു പെയ്യുന്ന ഇടവപ്പാതികൾ .

            തുടർച്ചയായി പെയ്യുന്ന മഴയിൽ കുളങ്ങളും , തോടുകളും , എല്ലാം കര കവിഞ്ഞൊഴുകി കിടക്കുന്നുണ്ടായിരിക്കും.

             കൊയിത്തു  കഴിഞ്ഞ കൃഷിയിടങ്ങളായ വയലുകൾ മുഴുവനും മഴവെള്ളത്താൽ അങ്ങനെ നിറഞ്ഞു കിടക്കും.   കുളമേത് , തോടേത് , എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത   വലിയൊരു കായലായി   അതങ്ങനെ   രൂപാന്തരം പ്രാപിച്ചിരിക്കും.
  
                                ആഫ്രിക്കൻ പായലുകളും , വെള്ളത്തിൽ വളരുന്ന   വാഴപ്പോളകളും, ഒഴുക്കിന്റെ താളത്തിനനുസരിച്ച്  കായലിൽ  ചാഞ്ചാടി കൊണ്ടിരിക്കും .

                 പൊന്മാൻ പക്ഷികൾ അതിന്മേൽ വന്നിരുന്ന് , വെള്ളത്തിന്റെ മുകൾത്തട്ടിലേക്ക് വരുന്ന പരൽമീൻ കുഞ്ഞുങ്ങളെ  സൂത്രത്തിൽ റാഞ്ചിക്കൊണ്ടു പറന്നകലും.

                 മഴക്കാലം ശക്തിയേറിയാൽ ചെമ്മണ്‍ പാതക്കിരുവശവും   വയലുകളുള്ള , ഞങ്ങളുടെ ഗ്രാമത്തിലേക്കു വരുന്ന ആ  നാട്ടുവഴി വെള്ളത്താൽ മുടപ്പെടും .

                കായലിനോട് ചേർന്ന് , ഞങ്ങളുടെ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിന്റെ , ആദ്യ വീടായിരുന്നു ഞങ്ങളുടെത്. വീടിന്റെ തൊടിയോടു ചേർന്നാണ് വയലിന്റെ അതിര്.

                                     തൊടിയുടെ അരികിലായി വയലിലേക്ക്  ചാഞ്ഞു നിൽക്കുന്ന പേരമരങ്ങളും , മാവുകളും , അതിനോട് ചേർന്ന് വിശാലമായ കുളം , എന്നാൽ വെള്ളത്താൽ നിറഞ്ഞു കിടക്കുന്ന മഴക്കാല  സമയത്ത് കുളമേത്, വയലേത് , എന്നൊന്നും  തിരിച്ചറിയുവാൻ സാധിക്കുകയില്ല .

                ഇടവപ്പാതി കാലത്ത്  പകൽ മുഴുവനും ആകാശം ഇരുണ്ടു മൂടിക്കിടക്കും . ഇടയ്ക്കിടെ ശക്തമായ പേമാരിയും , കാറ്റും .

                              മറ്റുള്ളവരിൽ നിന്നും ; ഒറ്റപ്പെട്ട ഒരു തുരുത്തായി മാറും ; ഈ സമയത്തു ഞങ്ങളുടെ ഗ്രാമം .

            എങ്ങും ഓളം അലയടിക്കുന്നതിന്റെ ശബ്ദം മാത്രം. ചിവീടുകളുടെയും , നരച്ചിനികളും , തവളകളുടെയും , മത്സരിച്ചുള്ള ഓരിയിടലുകൾ.

            ആര് .., ആരെ ..., തോൽപ്പിക്കാൻ , എന്നറിയാത്തതുപോലെ , അതൊരു മത്സര ഓരിയിടൽ തന്നെയാണ് . അവസാനം നേർത്തു നേർത്തു നിശബ്ദമാകും . പിന്നെ വീണ്ടും ഓരോരുത്തരായി തുടങ്ങി അവസാനം അതൊരു കൂട്ടപ്പൊരിച്ചലായിത്തീരും .           

Popular posts from this blog