മനസ്സ് സന്തോഷം കൊണ്ടു വീർപ്പു മുട്ടുന്നു .
പെരുവിരലുകൾ കുത്തി ഞാനൊന്നു മുകളിലേക്കുയർന്നു അന്തരിക്ഷത്തിൽ കൈവിരലുകൾക്കൊണ്ട് ഒരാഗ്യം ഉണ്ടാക്കിയതിനോടൊപ്പംതന്നെ എന്റെ വായിക്കുള്ളിൽ നിന്നും സന്തോഷ സൂചകമായി ഒരു വിക്രത സ്വരം കൂടി പുറത്തേക്കുവന്നു .
വല്ലവരും കണ്ടോ എന്ന ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോൾ പിന്നിൽ മണിച്ചേട്ടൻ .
ഒരു ചമ്മലോടെ ഞാനാ മുഖത്തു നോക്കി ചിരിച്ചു .
എന്താ നിനക്ക് വല്ല കുഴപ്പമുണ്ടോ
ഏയ് ഒന്നുമില്ല
പിന്നെന്താ ഈ കാണിക്കുന്നത് ?
സന്തോഷം കൊണ്ടാ മണിച്ചേട്ടാ.
ഊം ശരി നീ വല്ലതും കഴിച്ചോ ?
ആ ചോദ്യമാണ് രാവിലെ എന്തെങ്കിലും കഴിക്കണം എന്നുള്ള വയറിന്റെ വിളി തലക്കുള്ളിലേക്ക് എത്തിയത് .
നീ വല്ലതും കഴിച്ച് ഇവിടെ വിശ്രമിക്ക് അതു കഴിഞ്ഞു നമുക്കൊരുമിച്ചു വീട്ടിലേക്കു പോകാം ഇനി മുതൽ അവിടെയാണ് നിന്റെ പണി സ്ഥലം
ഞാൻ അപ്പോഴും മുറുകെ പിടിച്ചിരിക്കുന്ന ആ കൊച്ചു ബാഗിലേക്കു മണി ചേട്ടൻ അസഹിഷ്ണതയോടെ നോക്കി എന്നിട്ട് പറഞ്ഞു
നീയാ ബാഗ് അവിടെ എവിടെയെങ്കിലുമൊന്നു വെക്ക് .
അപ്പോഴാണ് ഞാനക്കാര്യം ഓർത്തതു തന്നെ രണ്ടു പാന്റും ,രണ്ടു ഷർട്ടും അടങ്ങുന്ന ആ തുണിസഞ്ചി വന്നപ്പോൾ മുതൽ എന്റെ നെഞ്ചോടു ഞാൻ ചേർത്തു പിടിച്ചിരിക്കുകയായിരുന്നു അമുല്യമായൊരു നിധി പോലെ .
ആ ബാഗ് ഒരു മൂലക്കുവെച്ചു ഞാൻ അടുത്തുള്ള കസേരയിലിരുന്നു .
മണിച്ചേട്ടൻ ആ പയ്യനോടായി ഉറക്കെ പറയുന്നത് കേട്ടു .
ഡേയ് മുനിയപ്പാ ഒരു പ്ലേറ്റിൽ കൊഞ്ചം ഇഡ്ഡലിയും സാമ്പാറും , എടുത്തു വാങ്കോ അപ്പുറമാ ഒരു ടീയും .
പറഞ്ഞ അടുത്ത നിമിഷത്തിൽത്തന്നെ മുനിയപ്പൻ ഒരു പ്ലേറ്റിൽ നാലഞ്ചു ഇഡ്ഡലിയും,സാമ്പാറും പിന്നെ മണിച്ചേട്ടൻ ഓർഡർ ചെയ്യാത്ത ചട്നിയും ഒരു സ്‌പെഷൽ വടയും എനിക്കായ് കൊണ്ടു
വന്നു .
മുനിയപ്പന്റെ ഈ സ്പെഷ്യലിന് ചിരിയുടെ രൂപത്തിൽ ഞാൻ നന്ദി പ്രകാശിപ്പിച്ചു .
എന്റെ നന്ദി പ്രകടനം മുനിയപ്പൻ സ്വീകരിച്ചോ ഇല്ലയോ എന്നെനിക്കറിഞ്ഞു കൂടാ കോടിയ മുഖഭാവത്തോടെ എന്നെ ഒന്നു നോക്കി മുനിയപ്പൻ അകത്തേക്കുപോയി . ഞാനൊന്നു ചമ്മിയെങ്കിലും ആ കോടിയ മുഖം മുനിയപ്പന്റെ ചിരിയുടെ ഒരു ഭാഗമായിരുന്നുവെന്ന് പോകെപ്പോകെയാണ് പിന്നീടാണ് എനിക്ക് മനസ്സിലായത് .