The Incredible life... part 4

                                                 
 വീഥിയുടെ ഇരു വശത്തും അംബര ചുംബികളായ കെട്ടിടങ്ങൾ  അവ ഓരോന്നും ആകാശം മുട്ടെ ഉയരത്തിലാണെന്ന് തോന്നി .
നിരത്തുകളിൽ വ്യത്യസ്ഥങ്ങൾ  ആയ വാഹനങ്ങളുടെ നീണ്ട നിരകൾ ഇവയുടെ ബാഹുല്യം കണക്കിലെടുത്താൽ  എന്റെ നാട്ടിൽ ഒരു മാസം കൊണ്ട് കടന്നു പോകുന്നവ , ഇവിടെ ഏതാനും നിമിഷങ്ങൾ കൊണ്ടു കടന്നുപോകുന്നു .

ഇവിടെ   കാണുന്നതെല്ലാം എനിക്ക് കൌതുകങ്ങൾ ആകുന്നു .

  ആദ്യമായി കാണുന്ന പുതിയ വാഹനങ്ങൾ ആളുകൾ, വീഥികൾ , കോട്ടു സൂട്ടു ധാരികൾ, മോഡേണ്‍ വസ്ത്രധാരികളായ  സ്ത്രികൾ ,  അങ്ങിനെ എല്ലാം കൂടിച്ചേർന്ന്  അതെന്നിൽ ഒരു   മായാലോകത്തെ സൃഷ്ട്ടിച്ചു.  ഒരു ഗ്രാമിണാന്തരീക്ഷത്തിൽ  ജനിച്ചു വളർന്ന എനിക്ക് ഈ പുതിയ ലോകം തികച്ചും അപരിചിതമായ ഒന്നു തന്നെ ആയിരുന്നു .  മാറ്റങ്ങളുടെ ആരംഭം  എന്റെ ഗ്രാമത്തിലും വന്നുതുടങ്ങിയിട്ടുണ്ടായിരുന്നുവെങ്കിലും  ഇത്രയും വലിയ  നഗരത്തിനോടുള്ളൊരു    താരതമ്യ പഠനം പോലും വിഡ്ഢിത്തമാണ് .

   ഒരു പക്ഷെ  നഗരങ്ങളുടെ തിരക്കിനെ ഇഷ്ടപെടുന്നതിനോടൊപ്പം തന്നെ ഗ്രാമങ്ങളുടെ ശാലീനതയെയും ഞാൻ വല്ലാതെ സ്നേഹിച്ചിരുന്നു . ഒരു പക്ഷെ എന്നല്ല തീർച്ചയായും അതുതന്നെയാണ് സത്യം.

     ഗ്രാമീണ നിഷ്ക്കളങ്കതയും ശാലിനതയും, പ്രകൃതിരമണിയതയുമെല്ലാം തന്നെ എന്റെ പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങളായിരുന്നു .
 നഷ്ടപെട്ടു  കൊണ്ടിരിക്കുന്ന ആ ഗ്രാമീണ സൌന്ദര്യത്തെ  കുറിച്ചുള്ള ഓർമകൾ പലപ്പോഴും ദുഃഖകരമായ  നൊസ്റ്റാൾജിയയാണ്  ഉണർത്തുന്നത് . ശിഥിലമായിക്കൊണ്ടിരിക്കുന്ന  ആ ശാലിനതയുടെ മുഴുവൻ ഭംഗിയും , മറ്റും , ഇപ്പോൾ കാണുവാൻ സാധിക്കുന്നത്‌ പഴയകാല സിനിമകളിലൂടെയും മറ്റുമാണ് .

   പടിയിറങ്ങിപ്പോകുന്ന  ആ സൌന്ദര്യത്തെക്കുറിച്ചുള്ള ഓർമകൾ   മനസ്സിനുള്ളിൽ  ഒരു വിങ്ങൽ  അവശേഷിപ്പിക്കുന്നു  . 

 മനോഹരങ്ങളായ നാട്ടിൻപുറങ്ങൾ അതിന്റെ വിരിമാറിലൂടെ പോക്കുവെയിൽ ഏറ്റു കിടക്കുന്ന നാട്ടുവഴികൾ അതിലൂടെ  വഴികളിലൂടെ വല്ലപ്പോഴും കടന്നു പോകുന്ന കാള വണ്ടികൾ  അവയുടെ കഴുത്തിൽ കെട്ടിയിട്ടിരിക്കുന്ന കൊച്ചു മണികളുടെ  സംഗീതം താളാത്മകതയോടെ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു.

   കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ച പുതപ്പണിഞ്ഞ  പാടശേഖരങ്ങൾ അതിനെ കീറിമുറിച്ചുകൊണ്ട്   വെള്ളിക്കൊലുസുപോലെ കിടക്കുന്ന  കൈത്തോടുകൾ  പോക്കുവെയിലേറ്റ്  അത്  സ്ഫടികം പോലെ വെട്ടി  തിളങ്ങുമ്പോൾ അതിന് വല്ലാത്തൊരു വശീകരണ ശക്തി . 
   
    ഒന്ന് കാതോർത്താൽ... പേരറിയാത്ത കിളികളുടെ  ശ്രവണ മധുരതരങ്ങളായ ഗാനങ്ങൾ കേൾക്കാം  പുഴയുടെ നനുത്ത ഓളങ്ങളുടെ സംഗീതം കേൾക്കാം.  ഈറനുടുത്തു വരുന്ന തെന്നലിന്റെ മർമ്മരമറിയാം  പ്രക്രതിയുടെ സന്തോഷം നിറഞ്ഞ ശ്രാവ്യ കീർത്തനങ്ങൾ  കേൾക്കാം  ഉച്ചത്തിൽ ചിലക്കുന്ന പുള്ലോത്തി കിളികളുടെ കവിതാ ശകലങ്ങൾ തിരിച്ചറിയാം . അടക്കാ പക്ഷികൾ കലപില കൂട്ടിക്കൊണ്ട് വഴക്കു കൂടുന്നത് കേൾക്കാം .

              ഇതെല്ലാം ഗ്രാമത്തിന്റെ  മാത്രം സ്വന്തമാണ് . 

          ആയിരുന്നു എന്ന് വേണമെങ്കിൽ  ഇപ്പോൾ തിരുത്താം .

     വയലുകളിൽ നിന്നുയരുന്ന ഈണത്തിലുള്ള കൊയ്ത്തു പാട്ടുകൾ   മനം  നിറഞ്ഞു പാടുന്ന പുള്ളുവൻ പാട്ടുകളുടെ നാടൻ ഈണം പതുക്കെ പതുക്കെ  എല്ലാം തന്നെ അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന  കാഴ്ച്ചകളാണല്ലോ എന്നോർക്കുമ്പോൾ  വേദനയോടെ അതെല്ലാം  കാലത്തിന്റെ കൈകളിൽ സമർപ്പിക്കുവാനെ കഴിയുന്നുള്ളൂ .

  അന്യം നിന്നു പോകുന്ന ഒരു സുവർണ്ണ കാലഘട്ടം .., ഇനി വരുന്ന  തലമുറക്ക് കിട്ടാതെ പോകുന്ന പുണ്യം . 

ഇളം വെയിൽ ഏറ്റു കിടക്കുന്ന തണൽ നിറഞ്ഞ ഇടവഴികളിൽ കൂട്ടുകാരുമൊത്തു ചേർന്നുള്ള  പലതരം കളികൾ  സ്നേഹം നിറഞ്ഞ വഴക്കുകൾ അവസാനം സന്ധ്യാ ദീപം തെളിയുന്നതിനു മുൻപായി   മുഷിഞ്ഞ വേഷങ്ങളോടു കൂടി വീട്ടിലേക്കുള്ള മടക്കം വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കായ്കളും ചെടികളും മണ്ണും എല്ലാം കൈ കൊണ്ട്  തട്ടി കളഞ്ഞിട്ടായിരിക്കും കയറിചെല്ലുക .

 ഗ്രാമങ്ങൾക്കൊരു സുഗന്ധമുണ്ട്  പുല്ലിന്റെയും , പച്ചപ്പിന്റെയും മണ്ണിന്റെയും എല്ലാം കൂടിചേർന്നൊരു ഹൃദയഹാരിയായ ഗന്ധം. 
ഹൃദയത്തിനുള്ളിലേക്ക്   അങ്ങ് ആഴത്തിൽ ഇറങ്ങിചെന്ന്സ്നേഹത്തോടെ തലോടുന്ന നൈസർഗ്ഗീകമായ പ്രകൃതിയുടെ ഗന്ധം . എത്ര പിരിമുറുക്കമുണ്ടെങ്കിലും അതൊന്ന് ആഞ്ഞ് ശ്വസിച്ചാൽ മതി .. എല്ലാം അതിലലിഞ്ഞു തീരും .

                 പവ്വർ ഫുൾ  ഫീൽ ഫ്രം ദി നാച്ചുറൽ .

   അന്നൊക്കെ എന്തോരം സിനിമകളാണ് കാണുന്നത് ? കുറെയൊക്കെ എന്തെങ്കിലും തരത്തിലുള്ള കള്ളങ്ങൾ   പറഞ്ഞായിരിക്കും വീട്ടിൽ നിന്നും അനുവാദം തേടുക .എത്രയോ നിർദ്ധോഷങ്ങൾ ആയ കള്ളങ്ങൾ ആണ് അന്നെല്ലാം പറഞ്ഞിരിക്കുന്നത് .

     കള്ളം പറഞ്ഞു ഫലിപ്പിക്കാൻ ഒരു പ്രത്യേക വിരിതുതന്നെയുണ്ടായിരുന്നു എനിക്ക് .

 ഗ്രാമത്തിലെ സിനിമാ തീയറ്ററുകളെ കൊട്ടകകൾ എന്നാണ്  വിളിക്കുന്നത് .  വീടിന്റെ പുറകിലുള്ള പാടത്തിലൂടെ ഒരു എളുപ്പ വഴിയുണ്ട്  കൊട്ടകയിലേക്ക് , സിനിമ തുടങ്ങുന്നതിനു മുന്നോടിയായി  പഴയ കോളാമ്പി മൈക്കിലൂടെ പാട്ടുകൾ വെക്കും  അതിലൂടെ തന്നെ എത്രയോ സിനിമകളുടെ ഡയലോഗുകളും കാണാപ്പാഠം പഠിച്ചിരിക്കുന്നു . വളരെ അടുത്തായതിനാൽ എല്ലാം തന്നെ കൃത്യമായി ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞിരുന്നു . ഓലകൊണ്ടുമേഞ്ഞ ആ പഴയ കൊട്ടകയിലിരുന്നു സിനിമ കാണുന്ന സുഖം ...,ഒരു a/c തീയ്റ്ററിനുള്ളിലിരുന്ന്   സിനിമ കാണുന്നതിനെക്കാളും  സന്തോഷദായകമായിരുന്നു .      
   

Popular posts from this blog