കാരണം .., ഇത് ഗവണ്‍മെന്റ്  ഹോസ്പിറ്റൽ ആണ് ., അവർക്ക് അവരുടേതായ രീതികളുണ്ട് .., ആർക്കോ വേണ്ടി എന്ന മട്ടിലാണ് അവരിൽ മിക്കവരും ജോലി ചെയ്യുന്നതുതന്നെ .

               ആ നേഴ്സ്  എന്നോട് പറഞ്ഞു ..''പുറത്തു വെയിറ്റ് ചെയ്യു .., ഞാൻ വിളിക്കാം .''

ശരിയെന്നു പറഞ്ഞുകൊണ്ട് ഞാൻ ആ ലാബിനു പുറത്തുള്ള  ..,  ബെഞ്ചുകളിലൊന്നിൽ   ഇരിപ്പുറച്ചു .., അല്പസമയത്തിനുശേഷം അവർ എന്നെ അകത്തേക്കു വിളിച്ചു .., ആ സമയത്ത് അവർ  കൈയ്യിൽ ഒരു ഗ്ലൌസ് ധരിച്ചിരിക്കുന്നത്‌ ഞാൻ കണ്ടു .., , ബ്ലഡ്‌ എടുക്കുമ്പോഴും അവരുടെ മുഖത്ത് ഒരു തരത്തിലുള്ള അവജ്ഞയായിരുന്നു .. , എന്റെ കൈകളിൽതന്നെ  തൊടാൻ അവർ മടിക്കുന്നതുപോലെ എനിക്ക് തോന്നി . 

                        ഒരു പക്ഷേ  അതെന്റെ സംശയമായിരുന്നിരിക്കാം ..., എങ്കിലും .., എനിക്കങ്ങനെ തോന്നി .

              ''നാളെ രാവിലെ പത്തുമണിക്ക് വന്നോളൂ  റിസൾട്ട്‌ അപ്പോൾ കിട്ടും '', എന്നു പറഞ്ഞുകൊണ്ട് .., റിസൾട്ട്‌ വാങ്ങാൻ വരുമ്പോൾ കൊണ്ടുവരേണ്ടാതായ .., നമ്പർ എഴുതിയ ഒരു ചീട്ട് അവർ എനിക്ക് തന്നു .

              ഞാൻ തിരിഞ്ഞു നടക്കുന്നതിനിടയിൽ .., അവർ കൂടെയുണ്ടായിരുന്ന നേഴ്സിനോട് .., ഹിന്ദിയിൽ പതുക്കെ പറയുന്നത് ഞാൻ കേട്ടു ..!

               "ആ ..,ബ്ലഡ്‌ തനിയെ മാറ്റിവെക്കു ...HIV  ടെസ്റ്റ്‌ ആണത് .''

   കൂടംകൊണ്ട് തലക്കുപിന്നിൽ ആഞ്ഞൊരടി കിട്ടിയ അനുഭവം ..., ശരീരം മുഴുവനും ഞെട്ടിത്തരിച്ചു പോയ നിമിഷം ..., പിൻതിരിഞ്ഞു അവരുടെ മുഖത്തു നോക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല ..,  വിറയാർന്ന കാലുകൾ ഒരു വിധത്തിലാണ് എന്നെ പുറത്തെത്തിച്ചത് . ആകെപ്പാടെ ഒരു ഭീതി എന്റെ മനസ്സിനെ വലയം ചെയ്യുന്നത് ഞാനറിഞ്ഞു .

               ''ചതിച്ചോ .., ദൈവമേ .''  , എന്റെ ചുണ്ടുകൾ മന്ത്രിച്ചു പോയി .ലോകത്തുള്ള എല്ലാ ഭീതിയും എന്നെ കടന്നാക്രമിക്കുകയായിരുന്നു .

                   റൂമിലെത്തിയ ഞാൻ ആകെ അസ്വസ്ഥനായിരുന്നു ..., ഒന്നിനും ഒരു ഉത്സാഹമില്ല .., പല തരത്തിലുള്ള ചോദ്യങ്ങൾ എന്റെ ഉള്ളിൽ ഉയർന്നുകൊണ്ടിരുന്നു  മനസ്സ് അനുനിമിഷം ആശങ്കാകുലമായി മാറിക്കൊണ്ടിരിക്കുന്നു  എങ്ങിനെയെങ്കിലും നേരം വെളുത്ത് കിട്ടണമെന്നായിരുന്നു എന്റെ പ്രാർത്ഥന .

               മണിക്കൂറുകൾക്ക് യുഗങ്ങളുടെ ദൈർഘ്യമുണ്ടെന്നിനിക്ക് തോന്നി ..., സമയം ചെല്ലും തോറും ..; മനസ്സ് കൂടുതൽ ഭീതിതമായ മേഖലകളിലേക്ക് ചേക്കേറുന്നു .., നിമിഷങ്ങളുടെ ഇടവേളകളിൽ പലതരത്തിലുള്ള ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉയർന്നുകൊണ്ടിരുന്നു .

              ''എന്തിനായിരിക്കും ഡോക്ടർ HIV  ടെസ്റ്റ്‌ ചെയ്യാൻ  എഴുതിയത് ?, എന്റെ രോഗലക്ഷണങ്ങൾ .., അതിന്റെതിനോട് സമാനമായിരിക്കുമോ .''

           ''ഛെ ., അതൊന്നുമായിരിക്കുകയില്ല .., തുടർച്ചയായ പനിയായതുകൊണ്ട്‌ .., ഒരു ഫുൾ ചെക്കപ്പിനു വേണ്ടി എഴുതിയതായിരിക്കും .''
മനസ്സ് സ്വയം സമാധാനപ്പെട്ടു ..., എന്നാൽ അടുത്ത നിമിഷം തന്നെ , ഒരു ഞെട്ടലോടെ കഴിഞ്ഞകാലജീവിതം എന്റെ കണ്മുന്നിൽ തെളിഞ്ഞു .

             ലൈംഗിക ബന്ധത്തിൽ കൂടിയാണ് എയിഡ്സ് കൂടുതലായും പകരുന്നത് .., എയിഡ്സ് വന്നാൽ മരണം സുനിശ്ചിതമാണെന്ന തിരിച്ചറിവ്  ഒരു ഞെട്ടലോടെയാണ് എന്റെ ബുദ്ധിയിൽ തെളിഞ്ഞത്  നടുക്കുന്ന ആ ഓർമ്മയിൽ .., ഞാൻ വിയർത്തു കുളിച്ചു .., മനസ്സിൽ നിന്നും .., ശരീരത്തിൽ നിന്നും ആവി ഉയരുന്നതായി എനിക്കു തോന്നി , ഇരിക്കപ്പൊറുതിയില്ലാതെ .., ഞാൻ എഴുന്നേറ്റു കുറച്ചു നേരം നടന്നു  പിന്നെ ഇരിന്നു കുറച്ചു വെള്ളമെടുത്തു കുടിച്ചു .

              എന്നാൽ കുടിച്ചിട്ടും  കുടിച്ചിട്ടും , മാറാത്തത്ര ദാഹം  തലക്ക് ഭ്രാന്ത് പിടിക്കുന്നത്‌ പോലെ ..., മറ്റുള്ളവർ എന്റെ പരവേശം കാണാതിരിക്കുവാനായി  ഞാൻ വാതിലടച്ച്‌ കുറ്റിയിട്ടു.

              ''സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ കൂടിയാണ് എയിഡ്സ് പകരുന്നത് .., എങ്കിൽ ,എങ്കിൽ .., എനിക്ക് തീർച്ചയായിട്ടും .., എയിഡ്സ് ഉണ്ടായിരിക്കും ..., ഞാൻ എത്രയോ പ്രാവശ്യം റെഡ് സ്ട്രീറ്റിൽ പോയിട്ടുണ്ട് ..., എത്രയോപേർ ദിവസവും വന്നുപോകുന്ന ഇടമാണത് ., എത്രയോ പേരുടെ കൂടെ വ്യഭിച്ചരിച്ചിട്ടുള്ളവരായിരിക്കും  എന്റെ കൂടെയും കിടന്നിട്ടുള്ളത് .., ഞാനൊരിക്കലും കോണ്ടം ഉപയോഗിച്ചിട്ടില്ലല്ലോ .?''

                ലഹരിയുടേയും .., വികാരത്തിന്റെയും .., കുത്തൊഴുക്കിൽ , പൂർണ്ണസുഖത്തിനെതിരെ ഒരാവരണമായി നിൽക്കുന്നുവെന്നു തോന്നിയ , സുരക്ഷയുടെ ആ കവചം .., ഞാൻ അവഗണിക്കുകയായിരുന്നു .

                 'ചതിച്ചോ .., എന്റെ ദൈവമേ ..?, എന്റെ ജീവിതം ഇതോടെ തീരുകയാണെന്നിനിക്ക് തോന്നി ..., തലക്കുള്ളിൽ ഇടിമുഴക്കങ്ങളുടെ ഘോഷയാത്ര .

               ജീവിതം ഒരു കര പിടിച്ചു വന്നതായിരുന്നു .., ഒന്നിനു പുറകെ .., ഒന്നായി ..., എല്ലാം നേടിയെടുക്കുകയായിരുന്നു  പക്ഷെ .., എല്ലാം കീഴ്മേൽ മറഞ്ഞിരിക്കുന്നു ..., അകാലത്തിൽ എരിഞ്ഞു തീരാനായിരുന്നുവോ , എന്റെ വിധി ...!, ഞാനിനി എങ്ങിനെ മറ്റുള്ളവരുടെ മുഖത്തു നോക്കും ?, എങ്ങിനെ എന്റെ വീട്ടുകാരെ അഭിമുഘികരിക്കും ...?, എന്റെ ഈ വിധിക്ക് ,ആരെയും കുറ്റം പറയാനാകില്ല . എല്ലാം എന്റെ തെറ്റു തന്നെയാണ്  സാന്മാർഗിഗ ജീവിതം വിട്ട് .., ആസന്മാർഗ്ഗിഗ ജീവിതം നയിച്ചതിനുള്ള ശിക്ഷ .

             കരുണയുടെ ഒരു നേർകണിക പോലും . എന്റെ നേർക്ക് വരില്ല ., ഞാൻ കുനിഞ്ഞ് മുട്ടുകുത്തി കമിഴ്ന്ന് കിടന്നു ..., ശക്തമായ മാനസീക പിരിമുറുക്കം ..എന്നെ തകർത്തു കളയുമെന്ന് എനിക്ക് തോന്നി .., അപ്പോഴാണ്‌ .., ആ കാഴ്ച എന്റെ  കണ്ണിൽ തടഞ്ഞത് .. ഒരു ഫുൾ ബോട്ടിൽ റം ...., പാഞ്ഞു ചെന്ന് അടപ്പ് തുറന്ന് .., വെള്ളം പോലും ചേർക്കാതെ ., ഞാൻ അതെന്റെ ..,വായിലേക്ക് കമഴ്ത്തി .., അതിന്റെ പകുതിയോളം .., ഞാനൊരു നിമിഷം കൊണ്ട് വിഴുങ്ങി ..!, തൊണ്ടയിലൂടെ ഒരു തീഗോളമായി .അതെന്റെ ആമാശയത്തിലേക്ക് ഒഴുകിയെത്തി .., അവിടെ നിന്നും തലക്കുള്ളിലേക്കുള്ള .., അതിന്റെ പ്രയാണം നിമിഷ വേഗത്തിലായിരുന്നു .

               ഒട്ടും വെള്ളം ചേർക്കാതെ .., വീര്യമുള്ള ആ സ്പിര്റ്റ് അകത്താക്കിയപ്പോൾ .., എന്റെ കുടലെല്ലാം എരിയുന്നത് പോലെ എനിക്കനുഭവപ്പെട്ടു .., വേക്കുന്ന .., കാലടികളോടെ .., ഞാൻ സോഫയിലേക്ക് ചാഞ്ഞു .., കണ്ണുകളടച്ച്‌ ഞാൻ കിടന്നു ...എന്റെ ചുണ്ടുകൾ തനിയെ പിറുപിറുത്തു .

               ''എനിക്കൊന്നും വരില്ല..,എനിക്ക് എയിഡ്സ് ഒന്നും ഉണ്ടാകില്ല ....,!, ദൈവം എന്നെ കൈവെടിയില്ല .'     ഉള്ളിൽ തട്ടി ഞാൻ ദൈവത്തെ വിളിച്ചു .....

    ''എന്നെ കാത്തോളണമേ ..., എനിക്കൊന്നും വരത്തല്ലെ ...., ഇനി ഒരിക്കലും ഞാനീ തെറ്റുകൾ ആവർത്തിക്കില്ല .''

    റെഡ് സ്ട്രീറ്റിലേക്കുള്ള .., ആ .. നശിച്ച യാത്രകളെ ഞാൻ വെറുത്തു ആദ്യമായി സെക്സിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്ന പ്രമിളയെ ഞാൻ വെറുത്തു ..., ശാന്തേച്ചിയെ ഞാൻ വെറുത്തു .., ലോകത്തുള്ള മുഴുവൻ സ്ത്രീകളെയും ഞാൻ വെറുത്തു ..., ജീവിതത്തിലാദ്യമായി സ്ത്രീകളോടെനിക്ക് അറപ്പും .., വെറുപ്പും ..,. തോന്നി .., എല്ലാ സ്ത്രീകളേയും .., വേശ്യകളേയും , വെടിവെച്ച് കൊല്ലാനും  ചവുട്ടിയരക്കാനും , എനിക്ക് തോന്നി .

              എന്നാൽ അടുത്ത നിമിഷത്തിൽ .., മനസ്സ് വീണ്ടും മലക്കം മറിഞ്ഞു .

   ''എന്തിന് ..ഇവരെയെല്ലാം പഴിചാരണം ...? നിനക്ക് ഇതിൽ നിന്നെല്ലാം ഒഴിവാകാമായിരുന്നില്ലേ ? നല്ലതേത് .., ചീത്തയേത്‌ ..., എന്ന് തിരിച്ചറിയാനുള്ള പ്രായോഗിക ബുദ്ധി നിനക്കില്ലേ ...?,. പ്രലോഭനങ്ങളിൽ അകപ്പെടാതെ ജീവിക്കാനുള്ള മനക്കരുത്ത് നിന്നിലില്ലേ ..?, ഈ കഴിവുകളെല്ലാം  പ്രയോജനപ്പെടുത്താതെ ...,, എന്തിനു മറ്റുള്ളവരെ പഴിചാരുന്നു ?''

                 മനസ്സിൽ ഒരു കുരുക്ഷേത്രയുദ്ധം നടക്കുകയാണ് ..., ആയുധം നഷ്ട്ടപെട്ട അഭിമന്യുവിനെപോലെയാണ് .., എന്റെ അവസ്ഥ .., ഒരു ഞാണിൻ മേലാണ് ഞാൻ നിൽക്കുന്നത് .. അതൊന്നു പൊട്ടിയാൽ ...; വീഴുന്നത് അഗാധമായ ഗർത്തത്തിലേക്കാണ് .., ഒരിക്കലും മോചനമില്ലാത്ത നരകത്തിലേക്ക് .

               മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കും തോറും അത് കൂടുതൽ , കൂടുതൽ , സങ്കീർണതകളിലേക്ക് .., കൂപ്പുകുത്തുന്നു .

     ''ഒന്നുമില്ലെടാ ..,, ധൈര്യമായിരിക്ക്‌ ...., എല്ലാം നിന്റെ തോന്നലാണ് .''എന്ന് ആശ്വസിക്കാൻ ശ്രമിക്കുന്നു .., എന്നാൽ അടുത്ത നിമിഷം തന്നെ   ''എന്തായിരിക്കും റിസൾട്ട്‌ ..?'' എന്നൊരു മറുചോദ്യം ഉയരുന്നു ...! അതിനെ മറ്റൊരു വിധത്തിൽ അടിച്ചമർത്താൻ ശ്രമിക്കുമ്പോഴേക്കും .., മുമ്പത്തെതിനെ അനുകൂലിക്കുന്ന തരത്തിൽ .., കഴിഞ്ഞകാലസംഭവങ്ങൾ മനസ്സിൽ തെളിയുകയായി .

                മനസ്സിനെ ശാന്തമാക്കുന്നതിനുവേണ്ടി ...ടി .വി. ഓണ്‍ ചെയിതെങ്കിലും ...; കണ്ണുകൾക്ക്‌ മുന്നിൽ മാത്രമേ  ടി.വി.യിലെ നിഴൽ രൂപങ്ങൾ  ആടുന്നുള്ളൂവെന്ന് എനിക്ക് തോന്നി  മനസ്സ് മറ്റേതോ ലോകത്തായിരുന്നു .

                 എയിഡ്സ് .., എന്നാൽ .., മരണമാണ് ..., മരണത്തെ കാത്തുകിടക്കുന്ന ...,ആ  ഭയാനകത ..., എത്ര വലുതാണെന്ന് ഞാനറിയുകയായിരുന്നു .സത്യത്തിൽ അതൊരു ജീവിത പ്രതിഭാസമാണെങ്കിലും., നമുക്ക്  വേണ്ടപ്പെട്ടവരുടെതല്ലാത്ത മരണങ്ങളെല്ലാം .., നാം ഒരു നിസ്സംഗതയോടെയാണ് നോക്കികാണാറ് ..., എന്നാൽ ആ സത്യം നമുക്ക്  അനുഭവഭേദ്യമാകുന്ന ഘട്ടത്തിലാണ് അതിന്റെ  തീവ്രത നാമറിയുന്നത്.

                ഇതൊന്നും നമക്കുണ്ടാവുകയില്ല .., അല്ലെങ്കിൽ നമ്മളെ ബാധിക്കുകയില്ല ...; എന്നൊരു നിസ്സംഗതയോടെയായിരിക്കും .., ഓരോ മരണവും .., നാം കാണുന്നത് ..!, എന്നാൽ മരണത്തിലേക്കോ ..., ജീവിതത്തിലേക്കോ ..., എന്നുള്ള ഈ വേളയിൽ ..., ആദ്യമായി ...; മരണം മുന്നിൽ വന്ന് നിൽക്കുമ്പോൾ ...,അതിന്റെ തീവ്രത മനസ്സിലാക്കുമ്പോൾ .., അതെത്ര ഭീകരമാണെന്ന് ഞാനറിയുകയായിരിന്നു .

                   എല്ലാത്തിനും ഒരവസാനം  ബന്ധങ്ങളിൽനിന്നും., സുഖങ്ങളിൽ നിന്നും ...., ദുഖ;ങ്ങളിൽ നിന്നും ..., ഉള്ള മോചനം ..., കണ്ടുപോന്ന കാഴ്ചകളും .., അനുഭവിച്ചതുമെല്ലാം .., പെട്ടെന്നൊരു ദിനം മാഞ്ഞുപോകുന്നു ...,അമ്മയുടെയും .., സഹോദരിയുടെയും ..., കൂട്ടുകാരുടെയും .., നാട്ടുകാരുടെയും ..., ജനിച്ച വീടും .., വളർന്ന നാടും ..., എല്ലാം ഉപേക്ഷിച്ച് , എല്ലാവരുടേയും ഇടയിൽ നിന്നും ..., ഒരു മറഞ്ഞു പോക്ക് ...; ഒരിക്കലും തിരിച്ചുവരാനാകാത്തവിധം .

                   ഇനിയും എത്രയോ കാലത്തെ ബാക്കി ജീവിതമാണ് ..; ഒരു തെറ്റിന്റെ പേരിൽ നഷ്ടപെടുത്തിയത് ....?, അല്പം സുഖത്തിന്റെ പേരിൽ നശിപ്പിച്ചത് .?, ജീവിതം എന്ന മഹത്തായ പ്രതിഭാസത്തിന്റെ അമൂല്യത ഇപ്പോഴാണ് മനസ്സിലാകുന്നത്‌ ....! വെറുതെ നഷ്ടപെടുത്തി കളഞ്ഞ ഓരോ നിമിഷങ്ങളും ..., മണിക്കൂറുകളും .., ദിവസങ്ങളും ..., ഇനിയും ജീവിതത്തിലേക്ക് മടങ്ങി വന്നെങ്കിൽ ...?ഒരിക്കലും പാഴാക്കാനാകാത്ത  ആ .., സമയങ്ങളുടെ അമൂല്യ വില ..., ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു .

              മനുഷ്യജീവിതത്തെ റീവൈന്റ് ചെയ്യാൻ കഴിഞ്ഞെങ്കിൽ . ഞാനീ നിമിഷത്തിലനുഭവിക്കുന്ന മനോവ്യഥയെ .., ഒരു മുന്നറിയിപ്പായി കണ്ട് .., ഒരു തെറ്റിലേക്കും ..; തിരിയാത്ത വിധം ..., ഞാനെന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഉള്ള പരിപാവനത ..; അതിന്റെ അമൂല്യത .., ഒക്കെ മനസ്സിലാക്കി ജീവിച്ചു തീർക്കുമായിരുന്നു . പക്ഷെ .., അങ്ങിനെയൊരു സാദ്ധ്യത മനുഷ്യജീവിതത്തിലില്ലല്ലൊ . 

            നമ്മുക്ക് ഒഴിവാക്കാനാകുമായിരുന്ന ചില തെറ്റുകൾ . ജീവിത നാശത്തിന്റെ പടുകുഴിയിലേക്കുള്ള എളുപ്പവഴികളാണ് .., അങ്ങിനെ ചെയിത ഒരു തെറ്റിന്റെ അന്ത്യവിധിയിലാണ് ഞാനെത്തി നിൽക്കുന്നത് ...; എന്റെ ജീവിതത്തിനു തന്നെ വില പറഞ്ഞുകൊണ്ട് .

                   മരണമെന്ന ഭീകര സത്യത്തിന്റെ . എല്ലാത്തിന്റെയും അവസാനത്തിന്റെ മുന്നിൽ ഞാൻ നിൽക്കുകയാണ് . നാളെ എല്ലാവരുടേയും മനസ്സിൽ ഞാനൊരു വെറുക്കപ്പെട്ട ഒർമ്മയായിത്തീരും . പതുക്കെ . പതുക്കെ . അതും മായും ...; അങ്ങിനെ ജോണ്‍ എന്ന വ്യക്തി കാലയവനികക്കുള്ളിൽ ആണ്ടുകഴിയും .

              ''വളർന്നു ഫലപുഷ്ഠമായിത്തീരേണ്ട വൃക്ഷത്തെ .., മുളയിലെ നുള്ളിക്കളഞ്ഞ .., പമ്പരവിഡ്ഢിയാണ് ഞാൻ ''.

                  എന്റെ കടവായിൽനിന്നും .., കൊഴുത്ത വെളുത്ത നിറത്തിലുള്ള ദ്രാവകം സോഫായെ നനയിച്ചുകൊണ്ട് .., താഴെക്കൂർന്നു വീണു കൊണ്ടിരുന്നു .., , അനങ്ങാനാകാതെ ഞാനാ കിടപ്പ് തുടർന്നു ....; അതിൽ എനിക്ക് താൽകാലികമായൊരു സുഖം തോന്നി ...., ലോകം മുഴുവൻ നിശ്ചലമായിരിക്കുന്നു ..., കൂടെ ഞാനും .

Popular posts from this blog