56
''ഞാനിതെവിടെയാണ് ...?ഭൂലോകത്തിലൊ ...., പരലോകത്തിലോ .''? എങ്ങും മഞ്ഞുപോലെ പൊഴിയുന്ന പ്രകാശം ...!എല്ലാം വെള്ള വസ്ത്രധാരികൾ .
ആരാണിവർ മാലാഖമാരോ ....?
ഒരു അപ്പൂപ്പൻ താടി പോലെ ഭാരമേതുമില്ലാതെ ഞാൻ ഒഴുകി നടക്കുന്നു .
നീണ്ട ഉറക്കത്തിൽ നിന്നും ഉണർന്നു എഴുന്നേറ്റത് പോലെയുള്ളൊരു ആലസ്യം .
ഒന്നും തന്നെ ഓർമ്മയില്ല . എല്ലാം ശൂന്യമാണ് .., ഓർമ്മകളിലേക്ക് തിരിച്ചിറങ്ങാൻ ശ്രമിക്കുമ്പോഴെല്ലാം അവ കൈവിട്ടുപോകുന്നു .
''എനിക്കെന്താണ് സംഭവിച്ചിരിക്കുന്നത് .....? , ഞാനിത് എവിടെയാണ് ...?, ഞാൻതന്നെയാരാണ് ..?'' എനിക്കൊന്നും തന്നെ മനസ്സിലാകുന്നില്ല .
'' എന്താണ് ഞാൻ ചെയ്യുന്നത് ...?കിടക്കുകയാണോ ..? ഇരിക്കുകയാണോ ...? ഒന്നും തിരിച്ചറിയാനാകാത്ത അവസ്ഥ ആകെ നിശ്ചലത . ശരീരത്തിന്റെ എല്ലാ നിയന്ത്രണങ്ങളും .., സംവീധാനങ്ങളും താളം തെറ്റിയിരിക്കുന്നു ....; ഞാനങ്ങനെ ഒഴുകി നടക്കുകയാണ് , അവ്യക്തമായ ശബ്ദങ്ങൾ എന്റെ കാതുകളിലൂടെ അരിച്ചെത്തുന്നു .., സ്പർശനങ്ങൾ ഞാനറിയുന്നു , അവ്യക്തങ്ങളായ നിഴൽരൂപങ്ങൾ .., എനിക്കുചുറ്റിലും ഞാൻ കാണുന്നു . പക്ഷേ പ്രതികരിക്കാനാകുന്നില്ല എനിക്ക് ചുറ്റിലും എന്തൊക്കെയോ സംഭവിക്കുന്നുണ്ട് ..!, ഞാനതിലെ ഒരു ഭാഗഭാക്കാണ് ..., പക്ഷേ അതെന്തോക്കെയാണെന്ന് വിവേചിച്ചറിയുവാൻ എനിക്ക് കഴിയുന്നില്ല .
അങ്ങിനെ ഒന്നുമൊന്നും തിരിച്ചറിയാനാകാതെ .., ഞാനങ്ങനെ കിടന്നു . നാലു ദിവസത്തോളം ..,അത് ഞാൻ പിന്നെയാണ് അറിയുന്നത് .
പതുക്കെ പതുക്കേ ..., എന്റെ ഓർമ്മകളിലേക്ക് ചില രൂപങ്ങൾ വന്നിറങ്ങാൻ തുടങ്ങി .., അവയെ ഞാൻ പതിയെ പതിയെ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു .
''അപ്പൻ .., അമ്മ ..., സഹോദരി ..'', ഓരോ ഫ്രയിമുകളും എന്റെ ഉള്ളിൽ തെളിയുന്നു .., വീട് .., നാട് .., ബോംബൈ .., ജോലി ...., ക്ഷേത്രം .., കായൽ ...., അതിന്റെ അഗാധത .
''ഹോ ...!'', ഞാൻ ഞെട്ടിത്തെറിച്ചു നിലയില്ലാക്കയത്തിൽ നിന്ന് രക്ഷപ്പെടാനെന്നവണ്ണം ഞാൻ കൈകാലുകളിട്ടു അടിച്ചു .., ശ്വാസത്തിനായി ഞാൻ ആഞ്ഞാഞ്ഞു വലിച്ചു .., ശരീരം വെട്ടിവിറച്ചു .
കൈത്തണ്ടയിൽ ഒരു വേദന അനുഭവപ്പെടുന്നത് ഞാനറിഞ്ഞു .
, ഒരു സൂചി ശരീരത്തിലേക്ക് കയറുകയാണ് ....!, പതുക്കെ ഞാൻ തളർന്നു ., വീണ്ടും എന്റെ ഓർമ്മകൾ മങ്ങി .., ഞാൻ ഗാഡസുഷുപ്തിയിലേക്ക് ഉതിർന്നുവീണു .
കണ്ണുതുറന്ന് നോക്കുമ്പോൾ .., ചിരിക്കുന്ന കുറെ മുഖങ്ങൾ ഞാൻ കണ്ടു .., മാലാഖമാരുടെതാണോ ..?, മനുഷ്യരുടെതാണോ ..?, അതെന്ന് വിവേചിച്ചറിയാനാകാതെ .., ഞാൻ ചിന്താവിഷ്ഠനായിപ്പൊയി .
പതുക്കെ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു ..., രണ്ടുമൂന്നു കൈകൾ ആ ഉദ്യമത്തിൽ എന്നെ സഹായിച്ചു ....കട്ടിലിൽ ചാരിയിരുന്നുകൊണ്ട് ഞാൻ ചുറ്റും നോക്കി ..., കാവിവസ്ത്രധാരികളായ ചിലർ .
''ഞാനിത് എവിടെയാണ് ..?'', എനിക്കൊന്നും മനസ്സിലാകുന്നില്ല . ആഴിയുടെ അഗാധതയിലേക്ക് നടന്നു കയറിയത് മാത്രം ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു .., അതിൽ പിന്നെ എന്താണ് സംഭവിച്ചത് ...?
''ഞാൻ മരിച്ചില്ലേ ..?', ഞാനിത് എവിടെയാണ് ...?'' ഒരു തണുത്ത കൈ എന്റെ നെറ്റിയിൽ പതിഞ്ഞു കൂടെ ഒരു മൃദു ശബ്ദവും .
''ഒന്നും പേടിക്കേണ്ട , നിങ്ങൾക്ക് ഒന്നും തന്നെ സംഭവിച്ചിട്ടില്ല.., അധികം സ്ട്രൈയിൻ ചെയ്യരുത് .., നന്നായി റസ്റ്റ് എടുത്തോളൂ .., ക്ഷീണം മാറട്ടെ.!''
ശരീരം മുഴുവൻ ഇടിച്ചു നുറിക്കിയപോലത്തെ വേദന .., എന്തെങ്കിലും ചോദിക്കുവാനും .., പറയുവാനും , ഞാനാഗ്രഹിച്ചു എന്നാൽ ശബ്ദം തൊണ്ടയിൽ കുടുങ്ങിക്കിടന്നതെയുള്ളൂ .
അടുത്ത നിമിഷം അടഞ്ഞ വാതിൽ തുറന്ന് ..; കാവി വേഷം ധരിച്ച ഒരാൾ അകത്തേക്ക് പ്രവേശിച്ചു .., അടച്ചു പിടിച്ച ഒരു പാത്രം അയാളുടെ കൈയ്യിൽ ഉണ്ടായിരുന്നു .., നല്ല ചൂടുള്ള കഞ്ഞി ....!;വളരെ ആർത്തിയോടുകൂടി ഞാനാ കഞ്ഞി കുടിച്ചുതീർത്തു .., അതെന്റെ സിരകൾക്ക് ഒരു പുത്തനുണർവ്വ് സമ്മാനിച്ചു ..., ശരീരം മുഴുവൻ ചൂട് പരക്കുന്നത് ഞാനറിഞ്ഞു ..., എന്റെ ഞരമ്പുകൾ ഉണർന്നു .
കുറച്ചു മരുന്നുകൾ എന്റെ കൈയ്യിൽ തന്നുകൊണ്ടയാൾ പറഞ്ഞു .
''ഇത് കഴിച്ചിട്ട് കിടന്നുകൊള്ളൂ , നിങ്ങൾ വളരെ ക്ഷീണിതനാണ് !'', അത് തന്ന ആലസ്യത്താൽ ഞാൻ വീണ്ടും മയക്കത്തിലേക്ക് വഴുതിവീണു .
മേഘപാളികൾക്കിടയിലൂടെ ഞാനങ്ങനെ ഒഴുകി നടക്കുകയാണ് ..., ഭാരങ്ങളോ വിഷമങ്ങളോ ആകുലതകളോ ഒന്നുമില്ലാതെ ഒരു പഞ്ഞിത്തുണ്ട് കണക്കെ .., അങ്ങനെ ഒഴുകി നടക്കുന്നു ..ഇതിനിടക്ക് ഞാൻ ചിരിക്കുന്നുണ്ട് .
അങ്ങിനെയങ്ങനെ ഒഴികിയൊഴുകി സമതലങ്ങളും , പച്ചപ്പുകളും ..,കുന്നുകളും .., താഴ്വരകളും .., സമുദ്രങ്ങളും .., താണ്ടി ..., അങ്ങിനെയങ്ങിനെ ഒഴുകി ..., ഒഴുകി ..., എങ്ങും പ്രകാശം വിതറുന്ന ..,ഒരു ദിവ്യ തേജസ്സിലേക്ക് ചെന്നു ചേരുന്നൂ .. അവിടെ ...,ആ .., ദിവ്യ തേജസ്സ് ഒരു കുളിർകാറ്റായി എന്നെ തലോടുന്നു .., ഞാനാ ദിവ്യ തേജസ്സിലേക്ക് അലിഞ്ഞു ചേരുകയാണ് .., അഭൌമികമായ ആ പ്രകാശത്തിലേക്ക് ഞാൻ എന്നെത്തന്നെ സംവേദിപ്പിക്കുകയാണ് .
ആ സന്തോഷാദിക്യത്താൽ .., ഞാൻ മനസ്സ് തുറന്ന് ചിരിച്ചു ., അതെന്റെ ഉള്ളിൽ നിന്നും പുറപ്പെട്ടതായിരുന്നു . നീണ്ട നാളുകൾക്ക് ശേഷം .
സുഖകരമായ ആ അനുഭൂതിയിൽ ഞാൻ എത്ര നേരം ലയിച്ചു കിടന്നു എന്നെനിക്കുതന്നെ അറിഞ്ഞുകൂടാ .
എഴുന്നേറ്റപ്പോൾ എനിക്കു ചുറ്റും ആരും തന്നെയില്ല ...,ഞാൻ കിടന്നു കൊണ്ട് തന്നെ ഒന്ന് കണ്ണോടിച്ചു ചുറ്റിലും ഓല കൊണ്ട് മേഞ്ഞ ..
( പക്ഷേ .., അത് ഓലയല്ല ..., ഒരു തരം പുല്ലാണ് ) ഒരു കൊച്ചു കുടിലായിരുന്നൂവത് .., ഞാൻ പതുക്കേ പുറത്തേക്കിറങ്ങി ., നടക്കുമ്പോൾ ശരീരമാസകലം വേദനിക്കുന്നു .., എങ്കിലും ഞാൻ നടന്നു .
മനോഹരമായ ഒരു സമതലം . എന്നാൽ അതിനെ പൂർണ്ണമായും സമതലമെന്ന് വിളിച്ചുകൂടാ .., ഒരു ചെറിയ ചെരിവോടുകൂടിയ സമതല പ്രദേശം .., പക്ഷേ ഭൂമിയുടെ ആ ചെരിവ് ഒരിക്കലും അറിയാത്തമാതിരി പ്രകൃതി അവിടെ കരവിരുത് കാട്ടിയിരിക്കുന്നു .
എങ്ങും വൃക്ഷങ്ങളുടെയും .., ചെടികളുടേയും .., പൂക്കളുടേയും .., സമ്മിശ്രമേളനം .., ഞാൻ ചുറ്റിലും നോക്കി .., ഞാൻ കിടന്ന കുടിൽ കൂടാതെ വേറേയും നാലഞ്ചു കുടിലുകൾ .., പണ്ടെങ്ങോ വായിച്ച .., പുരാണ കഥകളിലെ പർണ്ണശാലകളുടെ ചിത്രങ്ങൾ അതെന്നിൽ അനാവരണം ചെയ്തു ..!, എല്ലാം തന്നേയും നല്ല അഴകൂറുന്ന തരത്തിലുള്ളവ ..., മുളയും .., പുല്ലും കൊണ്ട് പ്രത്യേക രീതിയിൽ രൂപകല്പന ചെയ്ത ആശ്രമങ്ങൾ .
ആശ്രമങ്ങൾക്ക് ചുറ്റിലും .., മറ്റുമായി .., കാവി വസ്ത്രധാരികളായ കുറച്ചുപേർ
ഞാൻ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്നും നോക്കിയപ്പോൾ കണ്ട മലഞ്ചെരുവിലാണ് ഈ ആശ്രമങ്ങൾ സ്ഥിതിചെയ്യുന്നത് ...., കാരണം എനിക്ക് ഇവിടെനിന്ന് നോക്കിയാൽ ക്ഷേത്രവും .., പരിസരങ്ങളും .., വളരെ വ്യക്തമായി തന്നെ കാണാൻ കഴിയുന്നുണ്ട് .
ആശ്രമങ്ങൾക്ക് മുന്നിലൂടെ നീണ്ടു പരന്നൊഴുകുന്ന പുഴ , അതിനപ്പുറത്ത് വിശാലമായി പരന്നുകിടക്കുന്ന വയൽ .., പുഴക്കും ..,വയലിനും മദ്ധ്യേ .., പ്രശാന്തതയുടെ മൂർത്തീഭാവം പോലെ ആ കൊച്ചു ക്ഷേത്രം ...!ശാന്തമായി .., നിഷ്ക്കളങ്കമായ ഓളങ്ങളോട്കൂടി ഒഴുകുന്ന .., ആ പുഴയുടെ അടിത്തട്ടിൽ നിന്നാണ് ..,ഞാൻ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത് .., അതിന്റെ അഗാതധതയിൽ നിന്നാണ് ആരോ എന്നെ കൈപിടിച്ച് ഉയർത്തിയത് .
ആശ്രമങ്ങൾക്ക് പുറകിലായി ഉയർന്നു നിൽക്കുന്ന ഗിരിശ്രിഗംങ്ങൾ .., ഏതു സമയവും നല്ല കുളിർമ്മയുള്ള കാറ്റ് അവിടെനിന്ന് ഒഴികിയെത്തിക്കൊണ്ടിരിക്കുന്നു ..!പ്രതിഭാശാലിയായ ഒരു ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ .., മനോഹരങ്ങളായ ഫ്രയിമുകളായി അതെനിക്ക് തോന്നിച്ചു ..!, അത്രയും ഹൃദയസ്പർശിയായ പ്രകൃതിഭംഗിയായിരുന്നു അവിടെ സമ്മോഹിച്ചിരുന്നത് .., അതിന്റെ മാസ്മരികത ആരെയും ഹൃദാകർഷിക്കുന്നതായിരുന്നു .
വീശിയടിക്കുന്ന കാറ്റിനൊപ്പം .., ഏതോ പ്രാർഥനയുടെ നേർത്ത അലയൊലികൾ ഒഴുകിവരുന്നതായി എനിക്ക് തോന്നി . അവിടെയുള്ള ആശ്രമങ്ങളിൽ ഏതോ ഒന്നിൽ നിന്നായിരിക്കണം അതെന്ന് നാനൂഹിച്ചു . പതുക്കെ ഞാനാ ശ്രാവ്യ കീർത്തനത്തെ ലക്ഷ്യമാക്കി നടന്നു .
കുറച്ചു ദൂരെ മാറി സ്ഥിതിചെയ്തിരുന്ന സാമാന്യം വലിയൊരു കുടിലായിരുന്നൂവത് .
കാവി വസ്ത്രധാരികളായ കുറച്ചുപേർ അവിടെയിരുന്നു കീർത്തനങ്ങൾ ആലപിക്കുന്നു ..!, അഭൗമമായൊരു സുഗന്ധം അവിടെയെങ്ങും നിറഞ്ഞു നിന്നിരുന്നു .., ഞാനും അതിൽ പങ്കുചേർന്നു.
അല്പസമയം നീണ്ടുനിന്ന ആ പ്രാർഥനകൾക്കൊടുവിൽ ..., എല്ലാവരും എഴുന്നേറ്റു .., എല്ലാവരും എന്നെ നോക്കി പുഞ്ചിരിച്ചു .അതിലൊരു മുഖം എന്റെ ഓർമ്മയിൽ തെളിഞ്ഞു ...!, ഞാൻ ആൽത്തറയിലിരിക്കുമ്പോൾ ..; എനിക്ക് ഭക്ഷണം തന്ന് ..; എന്നോട് സംസാരിച്ച ആ സന്യാസി ..!ഒരു പുഞ്ചിരിയോടെ അദ്ദേഹം എന്റെ അടുത്തേക്ക് വന്നു .
''എങ്ങിനെയുണ്ട് ..ജോണ്‍ .., ഇപ്പോൾ സുഖമായോ .?'', പുഞ്ചിരിച്ചു കൊണ്ട് ഞാൻ തലയാട്ടി .., പക്ഷേ എനിക്ക് അത്ഭുതം തോന്നി ..., അദ്ദേഹം എങ്ങിനെ എന്റെ പേർ മനസ്സിലാക്കിയെന്നതോർത്ത് ..?, സത്യത്തിൽ ഞാനിതിവിടെ ആരോടും പറഞ്ഞിരുന്നില്ല .
എന്റെ അത്ഭുതം ..; അദ്ദേഹം മനസ്സിലാക്കിയെന്നോണം പറഞ്ഞു ...
''അത്ഭുതപ്പെടേണ്ട ജോണ്‍ ..., ജോണിന്റെ കൈയ്യിലുണ്ടായിരുന്ന സഞ്ചിയും .., ഞങ്ങൾക്ക് കിട്ടിയിരുന്നു ..!''
അപ്പോൾ .., ഇവരും മനസ്സിലാക്കിയിട്ടുണ്ടായിരിക്കും ..., ഞാനൊരു എയിഡ്സ് രോഗിയാണെന്ന് ..,അടുത്ത ഏതു നിമിഷത്തിലും ഞാൻ ഇവിടെ നിന്ന് പുറത്താക്കപ്പെടും ..,
എന്റെ മനസ്സ് ഉൽക്കണ്ഠാകുലമായി അപ്പൊൾ ഇവർ കാണിച്ച സ്നേഹവും .., പരിചരണവും എല്ലാം ..? ഒരു പക്ഷേ .., ഇവർ എന്റെ ബാഗ് പൂർണ്ണമായും പരിശോധിച്ചിട്ടുണ്ടാകില്ല .., അത് പരിശോധിക്കപ്പെടുന്ന ഏതു നിമിഷം .., ഞാനിവിടെ നിന്ന് പുറത്താക്കപ്പെടും ..!
ഒരു പക്ഷേ ..., അവർ അറിഞ്ഞിട്ടുണ്ട് എങ്കിലോ ..?, ജീവിതത്തിലേക്ക് തിരിച്ചു വന്ന് കയറിയിട്ടല്ലേയുള്ളൂ .., പെട്ടെന്ന് ഇറക്കിവിട്ടാൽ വീണ്ടും ആതമഹത്യ ചെയ്തെങ്കിലോ ..?; എന്ന് ഭയക്കുന്നത് കൊണ്ടായിരിക്കണം ..; പെട്ടെന്ന് പ്രതികരിക്കാത്തത് .
അല്ലെങ്കിൽ തന്നെ ഞാൻ എന്തിന് ഭയക്കണം ..?ഇവര് ഇറക്കിവിട്ടാൽത്തന്നെ എനിക്കെന്ത് ...?മരിക്കാൻ തുനിഞ്ഞിറങ്ങിയവന് ..പിന്നെന്തുണ്ടായാൽതന്നെ എന്ത് ..?
എന്നാൽ .., എനിക്കിനി അതിന് കഴിയുമോ ...?, മരണത്തിന്റെ ആ ഭീകരനിമിഷങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞ എനിക്ക് ഇനി വീണ്ടും അതിനുള്ളിലേക്ക് കടന്നു ചെല്ലാൻ കഴിയുമോ ..?
ആ ..,ആത്മശക്തി ഇനി എനിക്ക് ലഭിക്കുമോ ...?
ഇല്ല ..,എനിക്കിനി അതിനു കഴിയില്ല ....!ആ ഓർമ്മകൾ തന്നെ എന്നെ കിടിലം കൊള്ളിക്കുന്നു, ഇനി ബാക്കിയുള്ള നാളുകൾ അത് മണിക്കൂറുകളോ .., മാസങ്ങളോ .., വർഷങ്ങളോ .., എത്ര തന്നെയായാലും ജീവിച്ചു തീർക്കുക ..പുഴുവരിച്ച് ചാവുന്നെങ്കിൽ അതെന്റെ വിധി ..., എന്റെ പാപങ്ങൾക്കുള്ള ശിക്ഷ എന്നുകരുതി സമാധാനിക്കാം ,
ആയതിനാൽ .., ഞാൻ എയിഡ്സ് രോഗിയാണ് എന്ന് അറിഞ്ഞെങ്കിലും ..., ഇല്ലെങ്കിലും .., ഞാനത് തുറന്ന് പറയുവാൻ പോവുകയാണ് ..!, എനിക്കിനി ഒന്നിനേയും ഭയമില്ല .., എന്തു തന്നെയായാലും നേരിടാൻ ഞാൻ ഉറച്ചുകഴിഞ്ഞു .
അദ്ദേഹത്തിന്റെ മുഖത്തു നോക്കി .., ഞാൻ പറയാൻ വാ തുറന്നതും ., അദ്ദേഹം കൈകളുയർത്തി എന്നെ തടഞ്ഞു .
''ഇപ്പോൾ ഒന്നും പറയേണ്ട ജോണ്‍ ..., ജോണിനിപ്പോൾ വിശ്രമമാണാവശ്യം .., നമുക്ക് പിന്നെ വിശദമായി സംസാരിക്കാം ...!''മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം ഒന്നുകൂടി പറഞ്ഞു .
''ഒന്നുകൊണ്ടും ആകുലപ്പെടരുത് .., ജോണ്‍ .., പരിഹാരമില്ലാത്തതായി യാതൊന്നുമില്ല .., ഈശ്വരൻ എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് വിചാരിക്കുക .., അത് നമ്മുക്ക് പുതിയൊരു ഉണർവ്വ് നൽകും !പ്രത്യാശ നല്കും ..ആത്മവിശ്വാസം നൽകും ധൈര്യം നൽകും .''
അദ്ദേഹം തിരിഞ്ഞു നടന്നു ഞാൻ ഇപ്പോഴാണ് അദ്ദേഹത്തെ വ്യക്തമായി ശ്രദ്ധിക്കുന്നത് ..,ഏകദേശം അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ..,, അദേഹത്തിന് ഒത്ത ഉയരമുണ്ടായിരുന്നുവെങ്കിലും .., വണ്ണം അതിന് അനുസ്രതമായിരുന്നില്ല ..., നീട്ടി വളർത്തിയ തലമുടി തോളറ്റം കവിഞ്ഞു കിടക്കുന്നു .., മനോഹരമായി അത് പിന്നിലേക്ക് പതിച്ച് ഈരി വെച്ചിരിക്കുന്നു മുഖം നിറയെ ഉള്ള താടി നെഞ്ചൊപ്പം കിടക്കുന്നു .., വിശാലമായ നെറ്റിയിൽ ഭംഗിയായി കുങ്കുമം പൂശിയിരിക്കുന്നു ...!തിളക്കമുള്ള കണ്ണുകൾക്ക് മനസ്സിനുള്ളിലേക്ക് ചാട്ടുളി പോലെ തുളഞ്ഞു കയറുവാനുള്ള ആജ്ഞാശക്തിയുണ്ടെന്നിനിക്ക് തോന്നി .., ആ മുഖത്തെ ശാന്തത ഗംഭീരമായിരുന്നു , മൊത്തത്തിൽ കുലീനത്വം വിഴിഞ്ഞൊഴുകുന്ന ഒരു യോഗീ സ്വരൂപം .
മനസ്സിന്റെ അടിത്തട്ടിൽ നിന്നും വരുന്നത് പോലെയുള്ള ആ ശബ്ദത്തിന് വല്ലാത്തൊരു വശീകരണ ശക്തിയുണ്ടായിരുന്നു .
പുഴയിലെ നനുത്ത ഓളങ്ങളിലേക്ക് കണ്ണും നട്ട് ഞാനാ തീരത്തിരുന്നു ., നല്ല കുളിർമ്മയുള്ള തെന്നെൽ .., ആശ്വാസഗീതങ്ങളായി എന്നെ തലോടി കടന്നു പോയിക്കൊണ്ടിരുന്നു .