46

            ജാലകം തുറന്നിട്ടാൽ ..., വിശാലമായി കണ്ണെത്താ ദൂരത്തിൽ നീണ്ടു പരന്നു കിടക്കുന്ന വയലേലകൾ . നിശ്ചലനായി ഏകനായി ..., ദിവസത്തിലെ ഏറിയ പങ്കും ...; ഞാനാ പച്ചപ്പിലേക്ക് കണ്ണും നട്ടിരിക്കും  അപ്പോൾ ഞാൻ കാണുന്നത് ആ വയലുകൾ ആയിരുന്നില്ല എന്നതാണ് സത്യം .

                 കണ്മുന്നിലൂടെ എന്റെ ജീവിതം ഓടിമറയുന്നു  അനുഭവങ്ങൾ ., ചിന്തകൾ , ഓർമ്മകൾ  അങ്ങിനെ പലതും  ആ  പച്ചപ്പു നിറഞ്ഞ സ്ക്രീനിലൂടെ ഓടിമറയുന്നു .

                  വരമ്പുകളിൽ കൂടി . വള്ളി ട്രൌസർ ഇട്ടുകൊണ്ട്‌ ഒരു കൊച്ചു പയ്യൻ ഓടിനടക്കുന്നു .., തോടിന്റെ കരയിൽ മീൻപിടിക്കാൻ വന്നിരിക്കുന്ന കൊക്കുകളെ ..., അവൻ കല്ലെടുത്ത് എറിയുന്നു .
വെള്ളത്തിലേക്ക് കൽചീളുകൾ പായിച്ച് .., അത് വെള്ളത്തിനു മുകളിലൂടെ തെന്നി തെന്നി പോകുന്നതും നോക്കി അവൻ കൈകൊട്ടി ചിരിക്കുന്നു .

              സന്തോഷം മാത്രമേയുള്ളൂ ...അവന്റെ മുഖത്ത്  ആഹ്ലാദം മാത്രമേയുള്ളൂ ..., അവന്റെ ചലനങ്ങളിൽ , ഞാൻ തന്നെയല്ലേ  ആ  ബാലൻ .?

               കണ്ണുകൾക്ക് മുന്നിൽ ബാല്യം ഓടിമറയുന്നു  ബണ്ടിൻ മീതേ കൂടി , ഒറ്റമുണ്ടുടുത്ത് .., പുസ്തകസഞ്ചി തോളിൽതൂക്കി ..., കൂട്ടുകാരുമൊത്ത് കളിച്ചു ചിരിച്ചു വരുന്ന ആ പൊടിമീശക്കാരൻ ഞാനാണ് .

              പ്രമീളയുടെ കരസ്പർശനത്താൽ ..., നാണം കൊണ്ട് മുഖം കുനിച്ചിരിക്കുന്ന കൌമാരക്കാരൻ .

               ജീവിതത്തിനു നേരെ ആത്മവിശ്വാസത്തോടെ നെഞ്ചും വിരിച്ച്  ബോംബൈ നഗരത്തിൽ കാലുകുത്തുന്ന ചെറുപ്പക്കാരൻ .

                    ചുട്ടുപൊള്ളുന്ന വെയിലിലും ..., കടുത്ത ചൂടിൽ തിളച്ചു മറിയുന്ന എണ്ണക്കരികിലിരുന്നു ..; കടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന അദ്ധ്വാനശാലിയായവൻ .

               രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ , ശാന്തേച്ചിയുടെ നഗ്നമേനിയിൽ പടർന്നു കയറുന്ന യൗവ്വനക്കാരൻ .

                 ഉയർച്ചയുടെ പടവുകൾ കയറുന്ന ആത്മവിശ്വാസിയായ ഒരു യുവാവിന്റെ ചിത്രം .

    ബോംബൈ നഗരത്തിന്റെ വെള്ളി വെളിച്ചത്തിൽ ജീവിതം മറന്ന് .., മൂല്യങ്ങൾ മറന്ന് ,മദ്യത്തിലും  മദിരാക്ഷിയിലും  മതി മറന്നുല്ലസിക്കുന്ന വിവേകശൂന്യൻ .

           അവസാനം , എല്ലാം നഷ്ട്ടപ്പെട്ട  നശിപ്പിച്ച  യൗവ്വനത്തിലെ ശയ്യാവലംബയാകേണ്ടവന്ന  വൃദ്ധന്റെ  രൂപം എടുത്തണിയെണ്ടിവന്ന ഒരുവന്റെ ദയനീയ ചിത്രം .

                ഈ സമയങ്ങളിൽ ഞാൻ ചിലപ്പോൾ അറിയാതെ ചിരിക്കുന്നുണ്ടായിരിക്കും  കരയുന്നുണ്ടായിരിക്കും  അത് എന്തു തന്നെയായിരുന്നൂവെന്ന് .., എനിക്കിപ്പോൾ വ്യക്തമായി നിർവ്വചിക്കാൻ കഴിയുന്നില്ല .....!എന്തു തന്നെയായിരുന്നാലും .., അത് മനസ്സിന്റെ ..;മറ്റൊരു തലത്തിലേക്കുള്ള കൂടുമാറ്റങ്ങൾ ആയിരുന്നു .

             സ്വന്തം  തകർച്ചയെ മറികടക്കാൻ വേണ്ടി  മനസ്സു തന്നെ  സ്വയം തിരഞ്ഞെടുത്ത പുനരുദ്ധീപന വിദ്യാ ..., അതോ മനസ്സിന്റെ താളം തെറ്റലുകളോ .?മനോവിഭ്രാന്തിയുടെ ആരംഭമോ  ഭ്രാന്തിലേക്ക് മനസ്സ് ചുവടുവെക്കുന്നതിന്റെ ആദ്യപടിയോ .?

        എനിക്കറിയില്ല .

                സത്യത്തിൽ അത് എങ്ങിനെയാണ് സംഭവിക്കുന്നത്‌ .?നിരാശ അതാണ്‌ അതിന്റെ തുടക്കം  നിരാശയെ എങ്ങിനെയാണ് നിർവ്വചിക്കുക.? 

                എല്ലാത്തിനോടും ഉള്ള വെറുപ്പ് .., സ്വയം നിസ്സഹായാവസ്ഥ , എല്ലാവരും തനിക്കെതിര് ..., എന്തു ചെയ്താലും തെറ്റായി പരിണമിക്കുന്ന അവസ്ഥ ..., കാഠിന്യം ..., ഇതെല്ലാം ഒത്തുചേർന്ന് മനസ്സിനെ ഞെരിച്ചുടക്കുന്നു . ഇത് സഹിക്കാവുന്നതിലും അപ്പുറത്തേക്ക് കൂടുമാറുമ്പോൾ .., സ്വയരക്ഷക്കായി മനസ്സ് കണ്ടെത്തുന്ന ഒരു ഉപായമായിരിക്കാം .., ഭ്രാന്ത് അവിടെ താൻ മാത്രമേയുള്ളൂ , തന്റെ കാഴ്ചപ്പാടുകൾ മാത്രമേയുള്ളൂ .,തന്റെ ശരികൾ മാത്രമേയുള്ളൂ ...., തന്റെ ലോകം മാത്രമേയുള്ളൂ .

                  ഒരിക്കൽ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു . അവൻ ഒരു കാഴ്ച്ച കണ്ടുവത്രേ .
ഒരു മനോരോഗി  ബസ്‌ സ്റ്റോപ്പിൽ ആളുകളുടെ മുന്നിൽ വെച്ച് സ്വയംഭോഗം ചെയ്യുന്നൂവത്രേ  മറ്റുള്ളവർ ഇതുകണ്ട് അയാളെ ക്രൂരമായി മർദ്ധിക്കുന്നു .

                       സത്യത്തിൽ ഇവിടെ ആരാണ് ഭ്രാന്തന്മാർ .?സ്വയംഭോഗം ചെയ്യുന്നവനോ ..? അതോ അവനെ തല്ലിയോടിക്കാൻ .., ശ്രമിക്കുന്ന നാട്ടുകാരോ ...?, അത്രയും ആളുകൾക്കിടയിൽ വെച്ച്  ആ വ്യക്തി സ്വയംഭോഗം ചെയ്യണമെങ്കിൽ .., ആ സമയത്തുള്ള അയാളുടെ കാഴ്ചപ്പാട് എന്തായിരിക്കും ...?  അവിടെ അയാൾ മാത്രമേയുള്ളൂ ..., ചുറ്റും കാഴ്ച്ചക്കാരില്ല , ആൾക്കൂട്ടമില്ല .., അടച്ചിട്ട ഒരു മുറിക്കുള്ളിലായിരിക്കും  താനാ പ്രവർത്തി ചെയ്യുന്നത് എന്നായിരിക്കും അയാളുടെ ചിന്ത  ആ മനോരോഗിയുടെ വീക്ഷണം .

                                  കാരണം  ഇവിടെ അയാൾ  അയാൾക്കുമാത്രം തിരിച്ചറിയുവാൻ പറ്റാവുന്ന ഒരു ലോകത്താണ് ...,അവിടെ അയാൾ മാത്രമേയുള്ളൂ . സാധാരണയായി നടക്കുന്ന മാനസീക വിചാരങ്ങളും .., വികാരങ്ങളുമായി സംവേദിക്കുവാൻ അയാളുടെ വൈകല്യം ബാധിച്ച മനസ്സിന് കഴിയുന്നില്ല .

                    വർത്തമാനകാലത്തിലുള്ള ലോകത്തിൽ  ...; നടക്കുന്ന സംഭവങ്ങളെ അപഗ്രഥിക്കുന്നതിൽ    അയാളുടെ മനസ്സ് തോറ്റു പോകുന്നു  , അനുനിമിഷം നടക്കുന്ന പ്രവർത്തനങ്ങളെ സംവേദിച്ച് .., അവയെ കാലികമായി  തിരിച്ചറിയുവാനും .., ഉചിതമായ തീരുമാനങ്ങൾ എടുക്കുവാനും അയാളുടെ ബുദ്ധിക്ക് കഴിയുന്നില്ല ...!, അതുകൊണ്ടാണ് തുറസ്സായ ഒരു സ്ഥലത്തുവെച്ച് , ആ വ്യക്തി സ്വയംഭോഗം ചെയ്യുന്നത് .

                  ഇവിടെ പ്രവർത്തനക്ഷമമല്ലാത്ത ബുദ്ധി  തന്റെ ചുറ്റിലും ആൾക്കാരുണ്ട് .., ഇതൊരു പൊതുസ്ഥലമാണ് .., എന്ന മുന്നറിയിപ്പുകളും ..., നിർദേശങ്ങളുമൊന്നും  അയാൾക്കു നൽകുന്നില്ല .., സാധാരണ രീതിയിൽ നിന്നും മറിച്ചാണ് കേടുപാട് സംഭവിച്ച ആ ബുദ്ധി പ്രവർത്തിക്കുന്നത് ..., അതിന് ശരിയായ രീതിയിൽ  ശാരീരികപ്രവർത്തനങ്ങളെയും .., മാനസീകപ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുവാൻ  .., വേണ്ട നിർദേശങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കുന്നില്ല .

                   എന്നാൽ മറ്റുള്ളവർ എന്താണ് ചെയ്യുന്നത് ..?അവരയാളെ മർദ്ധിക്കുന്നു .., അയാൾ ചെയ്യുന്ന ആ പ്രവർത്തിയിൽ ..ക്രൂരമായ ഒരു തമാശ അവർ ആസ്വദിക്കുന്നു ...., ബോധമുള്ള ഒരാൾ , ബോധപൂർവ്വം ചെയ്യുന്ന ഒരു തെറ്റായാണ് കാഴ്ചക്കാർ ഇതിനെ വ്യാഖ്യാനിക്കുന്നത് .

             ഇവിടെ ആരാണ് ഭ്രാന്തന്മാർ ?രണ്ടു കൂട്ടരുടെയും ബുദ്ധി ഇവിടെ നേരാംവണ്ണം പ്രവർത്തിക്കുന്നില്ല ..., ഒരു കൊച്ചു കുട്ടിയെ കടയിലേക്കയച്ചു ....ഒരുകൂട്ടം സാധനങ്ങൾ .., വാങ്ങിച്ചു വായോ  .., എന്ന് പറയുന്നതിനോട് തുല്യമാണ് ...; ഒരു മനോരോഗിയെ നേരെയാക്കാൻ തല്ലുന്നത് 
ചില സാഡിസ മനോഭാവമാണ് ഇതിനു പിന്നിൽ .., മറ്റുള്ളവരുടെ വേദനയിൽ സന്തോഷിക്കുക ..,അവരെ ക്രൂശിപ്പിക്കുന്നതിൽ ചാരിതാർത്ഥ്യം കണ്ടെത്തുക ഇവിടെ അവർക്ക് വ്യക്തമായി അറിയാം ..; അയാൾ ഒരു മനോരോഗിയാണെന്ന് ..; എന്നാലും ക്രൂരമായൊരു സന്തോഷം .., അതാണ്‌ അവരെ ആ കൃത്യത്തിനു പ്രേരിപ്പിക്കുന്നത് ...., എന്നാൽ അനുതപിക്കുന്നവരും ഇല്ലാതില്ല .

               മനോരോഗത്തിന്റെ ഈ മാനസീക വിഭ്രാന്തികളിലേക്ക് ..; എന്റെ മനസ്സും അല്പാല്പം ചരിച്ചു  തുടങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്നു എനിക്ക് തോന്നി ..., അതിന്റെ ഒരു തുടക്കമായിരിക്കാം  ..., വിദൂരതയിലേക്ക് നോക്കിയുള്ള എന്റെ ഈ കണ്ണും നട്ടിരിപ്പ്  .



                                                                         

                അന്ന് പതിവില്ലാത്ത തരത്തിലുള്ള ശബ്ദഘോഷങ്ങൾ ആണ് .., എന്റെ ശ്രദ്ധ കവർന്നത്  കുറേപ്പേരുടെ ഉച്ചത്തിലുള്ള വർത്തമാനങ്ങൾ .., അതെന്താണെന്ന് അറിയുവാനായി ..;ഞാൻ കാതുകൂർപ്പിച്ച .., അതേ നിമിഷത്തിൽ തന്നെ ..; എന്റെ മുറിയുടെ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം ഉയർന്നു .

                വാതിൽ തുറന്ന എന്നെ നോക്കി ...; പ്രസന്നമായ .., കരുണ വിഴിയുന്ന ഒരുകൂട്ടം മുഖങ്ങൾ പുറത്ത് .

                ''ജോണിന് സുഖമാണോ .?'' , മദ്ധ്യവയസ്കയായ ഒരു കന്യാസ്ത്രീ ആയിരുന്നൂ അവർ ., 
     അവർ എന്റെ അരികിലേക്ക് വന്ന് സ്നേഹപൂർവ്വം എന്റെ കരങ്ങൾ ചേർത്തുപിടിച്ചു .

             ഞാൻ ഞെട്ടി പുറകോട്ട് മാറിപ്പോയി , എനിക്ക് ആകപ്പാടെ ഒരു ഭയപ്പാടായിരുന്നു .., അവജ്ഞയായിരുന്നു .., ആളുകളിൽ നിന്ന് ഓടിയൊളിക്കുവാൻ ഞാൻ ആഗ്രഹിച്ചു ...!, ഒരു കാഴ്ച്ചവസ്തുവാകുവാൻ ഞാൻ ഇഷ്ടപ്പെട്ടില്ല  അവർ എന്നോട് എന്തൊക്കെയോ ചോദിച്ചു .., ഞാൻ എന്തൊക്കെയോ പറഞ്ഞു ..., അവർ എന്നെ പുറത്തേക്ക് ആനയിച്ചു . 

Popular posts from this blog